തിരുവനന്തപുരം: ' രാജ്യത്ത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് എവിടെയും സഞ്ചരിക്കാനാകുമെന്നതാണ് ഇത്രയും നാളത്തെ യാത്രയിലൂടെ മനസിലായത്. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ യാത്രയുടെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുന്നു '- സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്രചെയ്യുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദേശീയ കായികതാരവും പർവതാരോഹകയുമായ ആശ മാളവ്യ പറഞ്ഞു.
നവംബർ ഒന്നിന് ഭോപ്പാലിൽ നിന്ന് പുറപ്പെട്ട് ഗുജറാത്ത്,മഹാരാഷ്ട്ര,ഗോവ,കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് 24കാരിയായ ആശ കേരളത്തിലെത്തിയത്. മറ്റാെരു സംസ്ഥാനത്തു നിന്നുമുണ്ടാകാത്ത അവഗണന കൊച്ചിയിൽ വച്ചുണ്ടായെന്ന് ആശ പറഞ്ഞു. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോയശേഷം താമസ സൗകര്യവുമായി ബന്ധപ്പെട്ട് കൊച്ചി കളക്ടറെ കാണാൻ ശ്രമിച്ചെങ്കിലും പി.എയോട് സംസാരിക്കാൻ പറഞ്ഞ് ഒഴിവാക്കിയെന്നും താമസസൗകര്യം ഒരുക്കിയില്ലെന്നും ആശ പറഞ്ഞു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും സംസാരിക്കാത്തത് ആകെ വിഷമത്തിലാക്കി. ആലപ്പുഴ എത്തിയാണ് താമസസൗകര്യം ലഭിച്ചതെന്നും ആശ പറയുന്നു.
മദ്ധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നാതാറാം എന്ന ചെറിയ ഗ്രാമത്തിലാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്നത്. എനിക്ക് മൂന്നുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് ഞങ്ങളെ പഠിപ്പിച്ചത്. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ഒളിച്ചോടുകയല്ല, മുന്നിൽ നിന്ന് നേരിടുകയാണ് വേണ്ടതെന്ന് പഠിപ്പിച്ചത് അമ്മയാണെന്നും ആശ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും തലസ്ഥാനത്തെത്തിയശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും നേരിൽക്കണ്ടു. രാജ്ഭവനിൽ താമസസൗകര്യം ലഭിച്ച ആശ ഇന്ന് കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്,കർണാടക,ഒഡിഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മുകാശ്‌മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് ആശയുടെ തീരുമാനം. 2023 സെപ്‌തംബറിൽ പര്യടനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പരിശോധിച്ചിട്ട് പറയാം:
മന്ത്രി ആന്റണി രാജു
സർക്കാർ നിർദ്ദേശം ലഭിക്കാത്തതിനാലാവാം കൊച്ചിയിൽ താമസസൗകര്യം ഒരുക്കാത്തതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പ്രസ്ക്ളബിൽ നടന്ന വി. പ്രതാപചന്ദ്രൻ അനുസ്‌മരണത്തിനുശേഷം ആശ മാളവ്യയുമായി ചർച്ചനടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നല്ല സ്വീകരണം കിട്ടിയെന്നാണ് ആശ പറയുന്നത്. സർക്കാർ സംവിധാനത്തിലുള്ള യാത്രയാണോ ഇവർ നടത്തിയതെന്ന് വ്യക്തമല്ല. വീഴ്ചയാണെന്ന് പറയാനാകില്ല. ഇത്തരം യാത്രകൾക്ക് ഉദ്യോഗസ്ഥർ സഹായം നൽകേണ്ടതാണ്. മറുഭാഗം കേൾക്കാതെ മറുപടി നൽകാനാകില്ലെന്നും പരിശോധിച്ചിട്ട് പറയാമെന്നും മന്ത്രി പറഞ്ഞു.