
അവധിക്കാലം ആഘോഷങ്ങളുടേതു കൂടിയാണ്. അതേസമയം ആഘോഷങ്ങൾ ദുരന്തത്തിൽ കലാശിക്കാതിരിക്കാൻ പ്രത്യേക കരുതലും വേണം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്ന വാഹനാപകടങ്ങളിൽ വിലപ്പെട്ട ഒട്ടേറെ ജീവനുകൾ ഇല്ലാതായി. ക്രിസ്‌മസ് ആഘോഷത്തിനിടയിലുമുണ്ടായി ദാരുണമായ അപകടങ്ങൾ. വാഹനാപകടങ്ങളിലും പുഴയിലും കടലിലുമായുണ്ടായ അത്യാഹിതങ്ങളിലും പെട്ട് യുവാക്കളാണ് ഈ ലോകം വിട്ടുപോയത്. വാഹനാപകടങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിനു അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. ഒരു വർഷം നാലായിരത്തിലേറെ മരണങ്ങളാണ് ഇവിടെ വാഹനാപകടങ്ങളിലുണ്ടാകുന്നത് . ഇതിന്റെ പത്തിരട്ടിവരും അപകടങ്ങളിൽപെട്ട് അംഗഭംഗം വരുന്നവരുടെ സംഖ്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളിൽ ഒരു ഡസനിലധികം പേരാണ് മരണപ്പെട്ടത്.
അപകടങ്ങൾ ആരും മനഃപൂർവം ഉണ്ടാക്കുന്നതല്ല. സംഭവിച്ചുപോകുന്നതാണ്. എന്നിരുന്നാലും അല്പം ശ്രദ്ധയും കരുതലും പുലർത്തിയാൽ പല അപകടങ്ങളും ഒഴിവാക്കാനാകും. യുവാക്കൾ ഉൾപ്പെടുന്ന ബൈക്ക് അപകടങ്ങളിൽ പലതും ഈ ഗണത്തിൽ പെടുന്നവയാണ്. വീണ്ടുവിചാരമില്ലാത്ത ഡ്രൈവിംഗ് ശൈലി പലരെയും അപകടത്തിലേക്കാണു നയിക്കുന്നത്. ആഘോഷവേളകളിൽ സംഘം ചേർന്നുള്ള യാത്രയും ഉല്ലാസകേളികളും ചിലപ്പോഴെങ്കിലും ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്. കടലിലും പുഴയിലുമൊക്കെ ആഹ്ലാദത്തോടെ നീന്തിത്തുടിക്കാനിറങ്ങുന്നവർക്ക് അപകടമുണ്ടാകുമ്പോൾ അതിന്റെ ആഘാതം താങ്ങേണ്ടിവരുന്നതിൽ വീട്ടുകാർ മാത്രമല്ല ബന്ധുമിത്രാദികളും സമൂഹവുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പുതന്നെ ജീവിതത്തിനു വിരാമമാകുന്നത് മനുഷ്യജന്മത്തിലെ ഏറ്റവും വലിയ ദുർവിധിയാണ്.
തീർത്ഥാടനമായാലും ഉല്ലാസയാത്രയായാലും ഓർക്കാപ്പുറത്താകും ദുരന്തമായി മാറുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇടുക്കിയിൽ കുമളിക്കു സമീപമുണ്ടായ കാറപകടത്തിൽ എട്ടു ശബരിമല തീർത്ഥാടകരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്കു മടങ്ങിയവർ സഞ്ചരിച്ച കാറാണ് മരത്തിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞത്. പരിചിതമല്ലാത്ത റോഡിൽ വാഹനമോടിക്കുമ്പോൾ പതിവിൽ കവിഞ്ഞ ശ്രദ്ധപുലർത്തണമെന്നു പറയുന്നത് വഴിയിൽ പതിയിരിക്കുന്ന അപകടം അറിയാവുന്നതുകൊണ്ടാണ്. ഈ തീർത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള പാതകളിൽ വേറെയും പല അപകടങ്ങളുമുണ്ടായി. കുറെപ്പേർ മരണമടയുകയും ചെയ്തു. തീർത്ഥാടനകാലം അപകടരഹിതമാക്കാൻ അധികൃതർ ആവുന്ന മട്ടിലെല്ലാം നടപടികൾ സ്വീകരിച്ചിട്ടും ചെറുതും വലുതുമായ അപകടങ്ങൾക്കു കുറവൊന്നുമില്ല. തീർത്ഥാടനത്തിന് പോയ ഉറ്റവർ നിരപായം മടങ്ങിവരുന്നതും കാത്തുകഴിയുന്ന ബന്ധുജനങ്ങൾക്ക് ദാരുണവാർത്ത കേൾക്കേണ്ടിവരുന്നത് എത്രമാത്രം ഹൃദയഭേദകമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല.
കൊവിഡ് കാലം എല്ലാത്തരം യാത്രകൾക്കും ആഘോഷങ്ങൾക്കും വിലങ്ങുവീണ കാലമായിരുന്നു. മഹാമാരി ഒഴിഞ്ഞതോടെ ആഘോഷങ്ങളും യാത്രകളും പഴയപടി തിരിച്ചുവന്നിട്ടുണ്ട്. രണ്ടുവർഷത്തെ അടച്ചിരിപ്പിന്റെ മുഷിപ്പു മാറ്റാൻ മുൻപത്തേക്കാൾ ആവേശത്തോടെയാണ് ഏവരും മുന്നോട്ടുവരുന്നത്. നിരത്തിനു താങ്ങാനാവാത്ത രീതിയിൽ വാഹനപ്പെരുപ്പവും ഉണ്ടായിട്ടുണ്ട്. പൊതുനിരത്തുകളിൽ അതു സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ഏറെ ക്ഷമയും സംയമനവും ആവശ്യപ്പെടുന്ന തരത്തിൽ യാത്രകൾ സങ്കീർണമാവുകയാണ്.
പുതുവത്സരമാണ് കടന്നുവരുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ആഘോഷരാവുകൾ കൂടുതൽ അവിസ്മരണീയമാക്കാനുള്ള ആവേശം അതിരുവിടാതിരിക്കാൻ മനസുവയ്ക്കണം. ഇത്തരം ആഘോഷങ്ങളിൽ പങ്കുചേരാൻ പാങ്ങില്ലാത്ത ധാരാളം പേരും ചുറ്റിലുമുണ്ടെന്ന ചിന്തവേണം. ആഘോഷങ്ങൾക്ക് അറിഞ്ഞുകൊണ്ട് പരിധി നിശ്ചയിക്കാനാവില്ലെന്നത് സത്യമാണ്. എന്നിരുന്നാലും മഹാമാരിക്കാലം സൃഷ്ടിച്ച ദുഃഖങ്ങൾ ഏറെ മുന്നിലുള്ളപ്പോൾ എല്ലാം മറന്ന് ആഘോഷത്തിമിർപ്പിലമരാൻ എങ്ങനെ കഴിയും?