തിരുവനന്തപുരം: നേമം പൊലീസ് സ്റ്രേഷനിലെ സ്ഥലപരിമിതിക്ക് ആശ്വാസമാകുന്നു. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.ശിവൻകുട്ടി മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. എത്രയും പെട്ടെന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും .

സ്റ്റേഷൻ വളപ്പിലെ ക്രൈം എസ്.ഐയുടെ ഓഫീസും പൊലീസുകാരുടെ വിശ്രമമുറിയും ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തതാണ് സ്റ്രേഷനിൽ സ്ഥലപരിമിതിയ്ക്കിടയാക്കിയത്. വിശ്രമമുറിയും ക്രൈം എസ്.ഐയുടെ ഓഫീസും നഷ്ടപ്പെട്ടതോടെ നിന്നുതിരിയാൻ ഇടമില്ലാതായി. രണ്ട് ചെറിയ മുറികളിലാണ് പത്ത് വനിതാ പൊലീസുകാരുൾപ്പെടെ 70 ഓളം പൊലീസുകാർ വിശ്രമിക്കേണ്ടത്. ക്രൈം എസ്.ഐയ്ക്കും ഇരിപ്പിടമില്ലാതായിരുന്നു.