തിരുവനന്തപുരം: വലിയതുറ വനിതാ എസ്.ഐ അലീന സൈറസിനെ വഞ്ചിയൂർ കോടതിയിൽ വച്ച് അഭിഭാഷക സംഘം മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതി ചേർക്കപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കാതെ വഞ്ചിയൂർ പൊലീസ്.

സ്വന്തം സേനയിലെ വനിതാ എസ്.ഐയെ ആക്രമിച്ച പ്രതികളെ പിടികൂടുന്നതിൽ വിമുഖത കാണിക്കുന്ന പൊലീസ് സമൂഹത്തിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്തുമെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ 17നാണ് കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ അലീനയെ അഭിഭാഷകസംഘം മർദ്ദിച്ചത്. സംഭവത്തിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ പ്രണവ്, സെറീന, മുരളി എന്നീ അഭിഭാഷകരെ വനിതാ എസ്.ഐ തിരിച്ചറിഞ്ഞ് പൊലീസിനോട് പറഞ്ഞിരുന്നു.

അഭിഭാഷകർക്കെതിരെ വനിതയെ അപമാനിക്കുക,​ മോശമായി പെരുമാറുക എന്ന 354ാം വകുപ്പും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്ന 353ാം വകുപ്പ് പ്രകാരവും വഞ്ചിയൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല. പൊലീസ് - അഭിഭാഷക ബന്ധത്തിന്റെ പശ്ചാത്തലത്തിലാണോ പ്രതി ചേർക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്തതെന്ന ആക്ഷേപവുമുണ്ട്. പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ പരാതിയിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നുമാണ് വനിതാ എസ്.ഐയുടെ നിലപാട്.