
പി.ജെക്കെതിരെ മറുപരാതികൾ
 വിഭാഗീയത ഭീഷണി വീണ്ടും
തിരുവനന്തപുരം: പി.ജയരാജന്റെ ആയുർവേദ റിസോർട്ട് സാമ്പത്തിക അഴിമതിയാരോപണവും പി.ജെക്കെതിരെ ഇ.പി അനുകൂലികളുടെ കൂട്ടപ്പരാതിയും തെറ്റുതിരുത്തൽ രേഖയിലൂടെ പാർട്ടിയെ പരിശുദ്ധമാക്കാമെന്ന് സ്വപ്നം കണ്ട സി.പി.എം നേതൃത്വത്തെ വിഭാഗീയതയുടെ പടുകുഴിയിൽ പാർട്ടി  വീണ്ടും വീഴുമെന്ന ആശങ്കലിലെത്തിച്ചു.
അത് പടരാതിരിക്കാൻ ഇ.പി.ജയരാജനെതിരെ പാർട്ടിതല അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്വേഷണകമ്മിഷനെ നിയോഗിക്കാനാണ് സാദ്ധ്യത.
പി. ജയരാജനെതിരെ ക്വട്ടേഷൻ ബന്ധം, വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി എന്നിങ്ങനെ പരാതികളാണ് നേതൃത്വത്തിലേക്ക് പ്രവഹിച്ചത്. ഇതും അന്വേഷിക്കാൻ നിർബന്ധിതമാവുകയാണ്.
ഇ.പി. ജയരാജൻ കേന്ദ്രകമ്മിറ്റിയംഗമാണെങ്കിലും ഇവിടെത്തന്നെ അന്വേഷണം നടത്തി അന്തിമതീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടായാൽ മതി. സംസ്ഥാന സമിതിയിൽ നേതൃത്വമറിഞ്ഞാണ് ആസൂത്രിത ഗൂഢനീക്കമാണുണ്ടായതെന്ന് സംശയിക്കുന്ന ഇ.പി, വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചേക്കും. നേരത്തേ തള്ളിയ ആരോപണങ്ങളാണിതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും ഇ.പി അതിന് തയ്യാറാവില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തി പി. ജയരാജൻ കണ്ടതും സംശയത്തോടെയാണ് ഇ.പി വീക്ഷിക്കുന്നത്. പാറപ്രം സമ്മേളന വാർഷികമുൾപ്പെടെ കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടികളിലൊന്നും ഇ.പി പങ്കെടുത്തില്ല.
ആരോപണം എഴുതി നൽകാമെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിൽ പി. ജയരാജൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. സംസ്ഥാനകമ്മിറ്റി യോഗത്തിലുയർത്തിയ ആരോപണമായതിനാൽ പാർട്ടിക്ക് അല്ലാതെയും അന്വേഷിക്കാം.
വി.എസും പിണറായിയും നേർക്കുനേർ പോരടിച്ച കാലത്ത് പല വിഷയങ്ങളിലെയും നിലപാടുകളായിരുന്നു ഏറ്റുമുട്ടലിന് കാരണമായി ജനങ്ങളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇപ്പോൾ, അടി മുതൽ മുടി വരെ പാർട്ടിയെ ശുദ്ധീകരിക്കാനാഹ്വാനം ചെയ്ത തെറ്റ് തിരുത്തൽ രേഖയിൽ മുടിയിലാണ് തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ ഇ.പിയെ ഉന്നംവച്ചത്.
ആ മുടിയിൽ പി.ജയരാജനും ഉണ്ടെന്ന് സ്ഥാപിക്കാനാണ് ഇ.പി അനുകൂലികൾ മറുപാരയ്ക്ക് ഇറങ്ങിയത്.
കണ്ണൂരിലെ സി.പി.എം നേതാക്കൾക്കിടയിൽ നാളുകളായി പുകയുന്ന മൂപ്പിളമത്തർക്കത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നവരുമുണ്ട്. റിസോർട്ട് മുൻ എം.ഡിയായിരുന്ന വ്യവസായി ഇ.പിയുമായി ഇടഞ്ഞതിനെത്തുടർന്ന് ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ പി. ജയരാജന് കൈമാറിയെന്നാണ് കണ്ണൂരിലെ സംസാരം.
സംസ്ഥാന കമ്മിറ്റി യോഗത്തിന് രണ്ട് ദിവസം മുമ്പ് തന്റെ വസതിയിലെത്തി സൗഹൃദഭാഷണം നടത്തിയ പി. ജയരാജൻ സംസ്ഥാന കമ്മിറ്റിക്കകത്ത് ഇത്തരമൊരാരോപണമുയർത്തിയത് ഇ.പി. ജയരാജന് ഷോക്കായി. ആരോപണവിവാദം മുറുകിയതിന് പിന്നാലെയും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു.
അനന്തരം
1.
യു.ഡി.എഫ് രാഷ്ട്രീയാക്രമണം കടുപ്പിച്ചു. സ്വർണക്കടത്ത് കേസിലേതുപോലെ സി.പി.എമ്മിനെ വെട്ടിലാക്കാൻ ബി.ജെ.പി. ഇ.ഡി അന്വേഷണം വേണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിലപാട് ഇതിന്റെ സൂചന
2.പാർട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി കുറ്റം കണ്ടെത്തിയാൽ ഇ.പി.ജയരാജന് മുന്നണി കൺവീനർസ്ഥാനമൊഴിയേണ്ടി വന്നേക്കാം
3.പകരമാരെന്ന ചർച്ചകൾ സി.പി.എം ക്യാമ്പുകളിൽ സജീവം. യുവനേതാവ് എം. സ്വരാജ് അടക്കമുള്ളവരെ ചുറ്റിപ്പറ്റിയാണ് ഊഹാപോഹങ്ങൾ