
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ജനുവരി 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ, അതിനുമുമ്പ് ഫീൽഡ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ആശങ്ക. അതിനാൽ രേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് സർക്കാർ നീക്കം. അതിനൊപ്പം കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള നടപടികളും വേഗത്തിലാക്കും.
വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർസോൺ പ്രഖ്യാപിച്ച് ജൂൺ 3ന് സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ഇതുസംബന്ധിച്ച നടപടികൾ ഇഴഞ്ഞതാണ് സർക്കാരിന് തിരിച്ചടിയായത്. കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി ആഗസ്റ്റ് 19ന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫീൽഡ് പരിശോധനയെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയത്. വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് ആഗസ്റ്റ് 30ന് മാത്രമാണ്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അടക്കമുള്ള അംഗങ്ങളെ നിശ്ചയിച്ചത് സെപ്തംബർ 30നും. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തികം അന്തിമ റിപ്പോർട്ടും നല്കണമെന്നുമായിരുന്നു സമിതിക്ക് നൽകിയ നിർദ്ദേശം.
എന്നാൽ ഇടക്കാല റിപ്പോർട്ട് പോലും ലഭിച്ചില്ല. വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നതാകട്ടെ ഒക്ടോബർ 30ന്. ഫീൽഡ് പരിശോധന നടന്നതുമില്ല. ഈ മാസം 11ന് വിദഗ്ദ്ധ സമിതി യോഗം ചേർന്നാണ് ഉപഗ്രഹ ചിത്രം സൈറ്റിൽ അപ്ലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഉപഗ്രഹ ചിത്രം പുറത്തുവന്നതോടെ പരാതികളുടെ പ്രവാഹവുമായി.
പരാതികൾ
30,000 കവിഞ്ഞു
തിരുവനന്തപുരം: ബഫർസോൺ മേഖല സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതിയിൽ ഫീൽഡ് പരിശോധന പുരോഗമിക്കുന്നു. വിവിധ പഞ്ചായത്തുകളിലായി ലഭിച്ച പരാതികളിൽ പത്തുശതമാനത്തിലധികവും പരിശോധന പൂർത്തിയാക്കിയതായി വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വരെ തദ്ദേശ സ്ഥാപനങ്ങളിലടക്കം ലഭിച്ച പരാതികൾ 30,000 കവിഞ്ഞു. ഹെൽപ് ഡെസ്കുകളിൽ ലഭിക്കുന്ന പരാതികൾ അന്നുതന്നെ നിശ്ചയിക്കപ്പെട്ട പ്രത്യേക ടീം സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുന്നുണ്ട്.
ഇതിനായി പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി ജിയോ മാപ്പിംഗ് നടത്തിയാണ് സ്ഥലത്തിന്റെ സാന്നിദ്ധ്യം ഉപഗ്രഹ ചിത്രത്തിൽ ഉറപ്പിക്കുന്നത്. പരാതിക്ക് ആധാരമായ സ്ഥലത്ത് മൊബൈൽ റേഞ്ച് ലഭിക്കാതെ വന്നാലും റേഞ്ച് ലഭ്യമായ സ്ഥലത്ത് എത്തുമ്പോൾ മാപ്പിംഗ് തനിയെ സാദ്ധ്യമാകുന്ന നിലയിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ജനുവരി 11നകം പരമാവധി സ്ഥലത്തെത്തി ഉപഗ്രഹ ചിത്രത്തിൽ വീടുകളുടെയും സ്ഥലത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്താനാണ് ശ്രമം.
'കിഫ' പഠനം
ബഫർസോൺ: ബാധിക്കുന്നത്
4 ലക്ഷം കർഷകരെ
സുജിലാൽ.കെ.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർസോൺ നടപ്പായാൽ 115 വില്ലേജുകളിലായി 3.80 ലക്ഷം ഏക്കർ കൃഷിയിടങ്ങൾ നഷ്ടമാകുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) പ്രാഥമിക പഠനം സൂചിപ്പിക്കുന്നു. ഇത് തദ്ദേശീയരായ 4 ലക്ഷത്തോളം കർഷകരെ ബാധിക്കും.
ബഫർസോൺ മേഖലയിൽ വന്യജീവികളെ തടയാനാവശ്യമായ സോളാർ വേലികൾ ഉൾപ്പെടെ പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. പഴം- പച്ചക്കറി കൃഷികൾ, കാലി വളർത്തൽ, മത്സ്യകൃഷി എന്നിവ തദ്ദേശീയർക്ക് അവരുടെ ഉപയോഗത്തിന് വേണ്ടി മാത്രം നടത്താനാണ് അനുവാദം നൽകുക. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി നടക്കാതെ വരുന്നതോടെ ചെറുതും വലുതുമായ ഇത്രയധികം കർഷകർക്ക് ഉപജീവനം നഷ്ടപ്പെടുമെന്ന ആശങ്കയും അസോസിയേഷൻ പങ്കുവയ്ക്കുന്നു. നിലവിലുള്ള ചില കൃഷികൾ നിരോധിക്കാനും സാദ്ധ്യതയുണ്ട്. ഏതൊക്കെ നിരോധിക്കണമെന്ന് വൈൽഡ് ലൈഫ് വാർഡൻ/ ഡി.എഫ്.ഒ മുഖ്യ അധികാരിയായ മോണിറ്ററിംഗ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്.
" റവന്യു നിയമങ്ങൾ മാത്രം ബാധകമായ സ്ഥലങ്ങൾ ബഫർസോൺ പരിധിയിൽ വരുന്നതോടെ 1980ലെ വന സംരക്ഷണ നിയമം, 1927ലെ ഇന്ത്യൻ വന നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയവ അടിച്ചേൽപ്പിക്കപ്പെടുകയും ഗ്രാമീണ മേഖല വന സമാനമായി മാറുകയും ചെയ്യും.
-അലക്സ് ഒഴുകയിൽ
ചെയർമാൻ, കിഫ