പാലോട്: 2017ൽ ആരംഭിച്ച മലയോര ഹൈവേ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. മികച്ച റോഡുകൾ പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയ്ക്കും വലിയ തോതിൽ ഊർജ്ജം പകരും. തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാരപടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല, വെള്ളറട, അമ്പൂരി, കള്ളിക്കാട്, ആര്യനാട്, വിതുര, പെരിങ്ങമ്മല, പാലോട്, മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. വിതുര, പൊന്നാംചുണ്ട്, പാലോട് എന്നിവിടങ്ങളെ ബന്ധപ്പെടുത്തിയുള്ള റോഡിന്റെ നിർമ്മാണം പരോഗമിക്കുകയാണ്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും. ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് മലയോര ഹൈവേ കടന്നപോകുന്നത്.
നിർമ്മാണം പരോഗമിക്കുന്നു
ഗാർഡ് സ്റ്റേഷൻ മുതൽ വിതുര വരെയുള്ള ഒൻപതര കിലോമീറ്റർ റോഡ് പൂർത്തിയായാൽ മലയോര ഹൈവേ അന്തിമഘട്ട നിർമ്മാണം പൂർണമാകും. മൂന്ന് റീച്ചുകളായാണ് നിർമ്മാണം ആരംഭിച്ചത്. കള്ളിക്കാട് മുതൽ ആര്യനാട് വരെ ഒന്നാം റീച്ച്, വിതുര, പൊന്നാംചുണ്ട്, പാലോട് രണ്ടാം റീച്ച്, പാലോട് മുതൽ ചല്ലിമുക്ക് വരെയാണ് മൂന്നാം റീച്ച്. ഇതിൽ ഒന്നാം റീച്ചും മൂന്നാം റീച്ചും പൂർത്തിയായി. രണ്ടാം റീച്ച് നിർമ്മാണം ഒച്ചിഴയും വേഗത്തിലാണ്. ചിറ്റൂർ മുതൽ കോളേജ് വരെ 500 മീറ്റർ, മുതിയാൻകുഴി ജംഗ്ഷനിൽ 200 മീറ്റർ, കോളേജ് മുതൽ തെന്നൂർ വരെ എന്നിവിടങ്ങളിലാണ് ഇനി നിർമ്മാണം പൂർത്തിയാകാനുള്ളത്. ഇതോടനുബന്ധിച്ച് ഓരോ ജംഗ്ഷനിലും ഇന്റർലോക്ക് ഉപയോഗിച്ച് നടപ്പാത ഒരുക്കുമെന്ന് കരാറുണ്ടെങ്കിലും നിലവിൽ ഓട നിർമ്മാണം പോലും പല സ്ഥലങ്ങളിലും പൂർത്തിയായിട്ടില്ല
ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി
സർവേ നടപടികൾ തുടങ്ങി
തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയ്ക്കായുള്ള സർവേ നടപടി തുടങ്ങി.ടൗണുകൾ, ജനവാസ മേഖലകൾ ഒഴിവാക്കി നെടുമങ്ങാട്ടു നിന്ന് ആരംഭിച്ച് വിതുര,പാലോട്,മടത്തറ,കുളത്തൂപ്പുഴ,പുനലൂർ,പത്തനാപുരം,കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപള്ളി തിടനാട്,തൊടുപുഴ,മലയാറ്റൂർ വഴി അങ്കമാലിയിൽ എത്തുന്ന വിധത്തിൽ 227.5 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിലാണ് നിർമ്മാണം. ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിംഗ് കൺസൾട്ടൻസിയാണ് സർവേ നടത്തുന്നത്. പുനലൂർ മുതൽ തൊടുപുഴ വരെ ടൗണിലൂടെ ഈ പാത കടന്നുപോവില്ല. വനമേഖലയെ ഒഴിവാക്കാൻ സീറോ ഫോറസ്റ്റ് സർവേയും നടന്നു. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഈ പാത അനുഗ്രഹമാകും.
പുനലൂർ പൊൻകുന്നം പാതയ്ക്ക് സമാന്തരമായി മലയാലപ്പുഴ പഞ്ചായത്തിലെ പ്രദേശങ്ങളിലൂടെ കോന്നിയിൽ നിന്ന് കുമ്പളാംപൊയ്കയിൽ എത്തും. വടശേരിക്കര ടൗൺ,പെരുമ്പുഴ,ഇട്ടിയപാറ ടൗണുകളിലും ഈ പാത എത്തില്ല. കൂടാതെ തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം.സി റോഡിന് സമാന്തരമായി നിർമ്മിക്കുന്ന ദേശീയ പാതയെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ ധാരണയായി. ഇതിനായി 1092.59 ഹെക്ടർ സ്ഥലം ഏറ്റെടുക്കും.