
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിന് കീഴിൽ കാലങ്ങളായി പ്രവർത്തിച്ചുവന്ന സി.എച്ച്.സി രോഗികൾക്ക് സേവനം ഉറപ്പാക്കുന്നില്ലെന്ന് പരാതി. വേങ്കവിള -വേട്ടമ്പള്ളി പ്രതിഭാനഗറിലുള്ള ലക്ഷംവീട് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ മുകളിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് സേവനം ലഭിക്കാതായത്. കഴിഞ്ഞ രണ്ട് വർഷമായി ആശുപത്രി ഇപ്പോൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്. വേട്ടമ്പള്ളി പ്രദേശത്തെ നാല് വാർഡുകളിലായി നൂറുകണക്കിന് വരുന്ന വീടുകളിലുള്ള പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഉപകാരപ്പെടുമെന്നുകരുതിയാണ് കൊല്ല കേന്ദ്രമാക്കി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. എന്നാൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ സി.എച്ച്.സി മൂന്നു വർഷങ്ങൾക്കു മുമ്പ് കൊല്ലായിൽ നിന്ന് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലമായ കുണ്ടറകുഴിയിലും, അവിടെനിന്ന് ഊരാളികോണിലേക്കും മാറ്റിയത്. എന്നാൽ ചില സാങ്കേതിക പ്രശന്നങ്ങൾ ചൂണ്ടിക്കാട്ടി വേട്ടമ്പള്ളി അങ്കണവാടി കെട്ടിടത്തിന് മുകളിലെ മുറിയിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. എന്നാൽ ഇത് രോഗികൾക്ക് ഇരട്ടിപ്രഹരമായി.
വലഞ്ഞ് രോഗികൾ
അങ്കണവാടി കെട്ടിടത്തിന് മുകളിലേക്ക് മാറ്റിയ ആശുപത്രിയിലെത്താൻ ഇരുമ്പിൽ തീർത്ത വീതി കുറഞ്ഞ കോണിപ്പടികൾ കയറണം. ഇത് ഗർഭിണികൾക്കും പ്രായമായവർക്കും ദുഷ്കരമാണ്. എല്ലാ മാസവും ഗർഭിണികൾക്കും- കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾക്കും മറ്റു സേവനങ്ങൾക്കും ഇവിടെയെത്തുന്നവർ മുകളിൽ കയറാൻ ബുദ്ധിമുട്ടായതിനാൽ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. മുമ്പ് കുണ്ടറ കുഴിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഒരോ മാസത്തിലും നൂറിന് പുറത്ത് ഗുണഭോക്താക്കൾ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് മാസത്തിൽ ഏഴോ എട്ടോ പേർ മാത്രമാണ് വരുന്നത്.
കുട്ടികൾ പുറത്ത്
നിലവിൽ ഇവിടെയെത്തുന്ന ഗർഭിണികൾക്ക് പ്രതിരോധകുത്തിവയ്പ് നടത്താൻ താഴെ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളെ പുറത്തേക്ക് മാറ്റിനിറുത്തിയശേഷം ഗർഭിണികൾക്ക് ഇഞ്ചക്ഷൻ നൽകി വിടുകയാണ് ചെയ്തുവരുന്നത്. ഉയരത്തിൽ പ്രവർത്തിക്കുന്ന സബ് സെന്റർ ഇവിടെ നിന്ന് മാറ്റി സൗകര്യപ്രദമായ സ്ഥലത്തേക്ക് പ്രവർത്തിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഉൾക്കൊള്ളാൻ ജനപ്രതിനിധികൾ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
തുക അനുവദിച്ചിട്ടും...
സി.എച്ച്.സിക്ക് സ്വന്തമായി കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായി ചേലയിലെ ഒരു സ്വകാര്യ വ്യക്തി മൂന്ന് സെന്റ് വസ്തു സൗജന്യമായിസി.എച്ച്.സി നിർമ്മാണത്തിനായി പഞ്ചായത്തിന് എഴുതി നൽകുകയും ഇവിടേക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കുകയും ചെയ്തു. 2020 ൽ നാല് ലക്ഷത്തോളം രൂപ ചെലവാക്കി സി.എച്ച്.സിക്കായി കെട്ടിടം നിർമ്മാണം ആരംഭിച്ചുവെങ്കിലും കെട്ടിട നിർമ്മാണം പൂർണമായും പൂർത്തിയാക്കുന്നതിന് മുമ്പ് സമീപവാസിയായ വസ്തു ഉടമ സബ് സെന്ററിൽ പോകാൻ പൊതുവഴി ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി സി.എച്ച്.സിയിലേക്കുള്ള വഴി കെട്ടിയടയ്ക്കുകയും ചെയ്തു.