vld-1

വെള്ളറട: കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുവിന്റെ ജനനത്തെ പശ്ചാത്തലമാക്കി ദൃശ്യവിസ്മയം ഒരുക്കി. ഡിസംബറിലെ ഒരു രാത്രി എന്ന പേരിലാണ് ദൃശ്യവിസ്മയം തീർത്തത്. ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനം കന്യകയായ മറിയയിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങളും, പ്രതിശ്രുത വധു ഗർഭിണിയാണെന്നറിയുമ്പോഴുള്ള യൗസേപ്പിന്റെ വൈകാരിക സംഘട്ടനങ്ങളും, വിശ്രമത്തിന് ഇടംതേടിയലയുന്ന ജോസഫ് - മറിയം ദമ്പതികളുടെ യാതനകളും, അവസാനം പുൽത്തൊഴുത്തിലെ ജനനവും വളരെ മനോഹരമായ രീതിയിൽ ചിത്രീകരണം നടത്തിയിരുന്നു. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം ആശയാവിഷ്കാരവും, എ.ആർ.സുശീൽ ബൈബിൾ സ്ക്രിപ്ടും തയ്യാറാക്കി. ബിജു ക്ളാപ്സ് ദീപ വിതാനവും ആര്യനാട് രാജേന്ദ്രൻ രംഗപടവും ഒരുക്കി. മന്നൂർക്കോണം മോഹൻരാജാണ് സംവിധാനം നിർവഹിച്ചത്.