
ധനവകുപ്പ് വെട്ടിയത് പെൻഷൻ പരിഷ്കരണ, ഡി.എ കുടിശ്ശിക
തിരുവനന്തപുരം: വിരമിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ പരിഷ്കരണ, ഡി.എ കുടിശ്ശിക സ്വന്തം ഫണ്ടിൽ നിന്ന് നൽകാനുള്ള കേരള സർവകലാശാലയുടെ ഉത്തരവ് സർക്കാർ റദ്ദാക്കി. 4500 പെൻഷൻകാർക്കുള്ള 2 ഗഡു കുടിശ്ശിക നൽകാൻ സർവകലാശാല ഉത്തരവിറക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ പരിഷ്കരണ, ഡി.എ ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിനു പോലും കഴിയാതിരിക്കെ സർവകലാശാലകൾ സ്വമേധയാ കുടിശ്ശിക നൽകുന്നത് അനുവദിക്കാനാവില്ലെന്ന് രജിസ്ട്രാർക്ക് ധനവകുപ്പ് അഡി. ചീഫ്സെക്രട്ടറി ഉത്തരവ് നൽകി.
കേരള സർവകലാശാലയുടെ നീക്കം മറ്റ് കലാശാലകളെ സമ്മർദ്ദത്തിലാക്കുമെന്നും അവിടങ്ങളിൽ പ്രതിഷേധമുണ്ടാവുമെന്നതിനാൽ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നുമാണ് ധനവകുപ്പിന്റെ നിർദ്ദേശം. തുക നൽകിയെങ്കിൽ അടുത്ത പെൻഷൻ തുകയിൽ വരവുവയ്ക്കണം. നടപടികൾ പൂർത്തിയാക്കി സർക്കാരിനെ അറിയിക്കണമെന്നും ധനകാര്യ അഡി. ചീഫ്സെക്രട്ടറിക്കു വേണ്ടി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ. മുഹമ്മദ് വൈ സഫിറുള്ള രജിസ്ട്രാറെ അറിയിച്ചു. ഇതോടെ കുടിശ്ശിക നൽകാനുള്ള നടപടികൾ വാഴ്സിറ്റി ഉപേക്ഷിച്ചു.
സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർവകലാശാലകളിൽ പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പ് നേരത്തേ ഇറക്കിയ ഉത്തരവ് പ്രതിഷേധത്തെതുടർന്ന് മരവിപ്പിച്ചിരുന്നു.
അധികബാദ്ധ്യത
തനതുഫണ്ടിൽ നിന്ന്
പെൻഷൻ പരിഷ്കരണത്തിനുള്ള അധികബാദ്ധ്യത സർവകലാശാലകൾ തനത് ഫണ്ടിൽ നിന്ന് വഹിക്കണമെന്നാണ് സർക്കാർ ഉത്തരവ്. 2019ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ പരിഷ്‌കരണം നടപ്പാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർവകലാശാലകൾ 2 ഗഡു കുടിശ്ശിക തടഞ്ഞുവച്ചിരിക്കുകയാണ്.
300 കോടി
കേരള സർവകലാശാലയുടെ തനതുഫണ്ടിൽ. പെൻഷൻ ഫണ്ട് രൂപീകരിക്കാനായി മിച്ചംവരുന്ന തുക നേരത്തേ സ്ഥിരനിക്ഷേപമിട്ടിരുന്നു.
15 കോടി
പെൻഷൻകാരുടെ രണ്ട് ഗഡു പെൻഷൻ പരിഷ്കരണ, ഡി.എ കുടിശ്ശിക നൽകാൻ വാഴ്സിറ്റി നീക്കിവച്ചത്
പെൻഷൻകാരുടെ എണ്ണം
കേരള- 4500
കാർഷികം- 3000
കാലിക്കറ്റ്-3000
എം.ജി-1500