
തിരുവനന്തപുരം: വി.എസ്- പിണറായി പോര് അസ്തമിച്ചശേഷം വിഭാഗീയതയുടെ അല്ലലില്ലാതെ മുന്നോട്ട് നീങ്ങിയിരുന്ന സംസ്ഥാന സി.പി.എമ്മിൽ പുതിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജനെതിരെ ഉയർന്ന സാമ്പത്തിക അഴിമതിയാരോപണം.
ഇടതു മുന്നണി കൺവീനർ സ്ഥാനം നൽകിയിട്ടും നിസ്സഹകരണം തുടരുന്ന ഇ.പി.ജയരാജനെ വരുതിയിലാക്കാനാണ് പുതിയ നീക്കമെന്നും അഭ്യൂഹമുണ്ട്.
എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിലാണ് വിവാദ റിസോർട്ട്. ആന്തൂർ മുനിസിപ്പാലിറ്റിയിൽ നിന്നാണ് ഇതിനുള്ള അനുമതി നൽകിയത്. പദ്ധതിയിൽ നേരത്തേ പ്രധാന പങ്കാളിയായിരുന്ന വ്യവസായി ഇ.പി. ജയരാജനുമായി ഇടഞ്ഞതോടെ അദ്ദേഹമാണ് ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ പി. ജയരാജന് കൈമാറിയതെന്നാണ് കണ്ണൂരിലെ സംസാരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് പി. ജയരാജൻ സംസ്ഥാനകമ്മിറ്റിയിൽ ആരോപണമുന്നയിച്ചത്. ഇ.പി. ജയരാജൻ നിഷേധസമീപനം തുടരുന്നതിൽ മുഖ്യമന്ത്രിക്കും നീരസമുള്ളതിനാൽ സംസ്ഥാനകമ്മിറ്റിയിൽ അദ്ദേഹത്തിന്റെയും മൗനാനുവാദമുണ്ടോയെന്ന സംശയം ഇ.പി ക്യാമ്പിലുണ്ട്. സർക്കാരിനെ നയിക്കുന്ന മുന്നണിയുടെ കൺവീനർ പദവി നൽകിയിട്ടും ഇ.പിയുടെ വിട്ടുനിൽക്കൽ അനവസരത്തിലാണെന്ന നീരസം മുഖ്യമന്ത്രിക്കും മറ്റ് ഉന്നത നേതാക്കൾക്കുമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള വെടി പൊട്ടിക്കലാണ് പി. ജയരാജനിൽ നിന്നുണ്ടായതെന്ന് ഇ.പി. ജയരാജൻ സംശയിക്കുന്നു. ഇതദ്ദേഹത്തെ കൂടുതൽ വിഷമിപ്പിക്കുന്നുമുണ്ട്.
ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനമൊഴിയേണ്ടി വന്നപ്പോൾ പ്രതിഷേധസ്വരം പ്രകടിപ്പിച്ച് സംസ്ഥാന സമിതി യോഗത്തിൽ നിന്നിറങ്ങിപ്പോയ ആളാണ് ഇ.പി. ജയരാജൻ. അന്ന് മുഖ്യമന്ത്രി നേരിട്ട് ജയരാജനെ അനുനയിപ്പിച്ചു. ഇത്തവണ മുഖ്യമന്ത്രിയിൽ നിന്ന് അങ്ങനെയൊരു സമീപനം ഇതുവരെയുണ്ടായിട്ടില്ല.
#സീനിയറെങ്കിലും...
കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിൽ കോടിയേരിയുടെ പിൻഗാമിയായി എത്തിയ ഇ.പി. ജയരാജൻ 2005ൽ സി.പി.എമ്മിന്റെ ഉയർന്ന ഘടകമായ കേന്ദ്രകമ്മിറ്റിയിലെത്തിയിരുന്നു.
ഇ.പിക്കുശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി.ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത് 2018ലാണ്.ഈ സീനിയോരിറ്റി മറികടന്ന് എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പിന്നാലെ പൊളിറ്റ് ബ്യൂറോ അംഗവുമായി.തഴയപ്പെട്ടുവെന്ന വികാരം വച്ചുപുലർത്തുന്ന ഇ.പി. ജയരാജൻ 'ആരോഗ്യം ചൂണ്ടിക്കാട്ടിയുള്ള അവധി'യിലാണ്. ഇ.പിയുടെ അമർഷം ഗോവിന്ദനും മാനസികബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് വിവരം.