
തിരുവനന്തപുരം : കൊവിഡ് ജാഗ്രതയ്ക്കിടെ സംസ്ഥാനത്ത് ദുരിതമായി പകർച്ചപ്പനി വ്യാപനം. വിട്ടുമാറാത്ത ചുമയും ക്ഷീണവും ശ്വാസതടസവും കാരണം വീർപ്പുമുട്ടുകയാണ് രോഗികൾ.
ഈമാസം ഇതുവരെ 2,18,718 പേരാണ് പകർച്ചപ്പനിക്ക് ആശുപത്രികളിലെത്തിയത്. ഇക്കൊല്ലം 32.22 ലക്ഷം പേർക്ക് പനിബാധിച്ചു. 15 മരണവും സംഭവിച്ചു.
വായുവിലൂടെ പകരുന്ന ഫ്ളൂ, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർ.എസ്.വി) മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവ വ്യാപകമാണ്. ഇവയും കൊവിഡ് മൂലമുള്ള ശ്വാസകോശ രോഗാണുബാധയും ചേർത്ത് ട്രിപ്പിളെഡെമിക് എന്നാണ് അറിയപ്പെടുന്നത്. മഞ്ഞുകാലമായതിനാൽ കുട്ടികളും കൂടുതലായി രോഗബാധിതരാകുന്നുണ്ട്.
കൊവിഡിനാനന്തരം നേരിയ അണുബാധകൾ പോലും താങ്ങാൻ ശ്വാസകോശത്തിന് ശേഷി നഷ്ടപ്പെട്ടവരാണ് പനി ബാധിച്ച് കടുത്തഅവശതയിലാകുന്നത്. ശ്വാസകോശത്തിന് നേരിയ തകരാറ് സംഭവിച്ചവർ പനിബാധിതരായാൽ കടുത്ത ചുമയുണ്ടാകുകയും മൂന്നുമാസം വരെ നീണ്ടുനിൽക്കുകയും ചെയ്യും. ക്ഷീണവും ശരീരവേദനയുമായി എത്തുന്നവർക്ക് ആന്റിബയോട്ടിക് നൽകി മടക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ഭൂരിഭാഗത്തിനും താത്പര്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
പനിമരണം
(ബാധിതർ, മരണം
ഈ വർഷം ഇതുവരെ)
ഡെങ്കിപ്പനി..............4297.........29
എലിപ്പനി.................2375.........87
ചെള്ള്പനി.............698............20
പകർച്ചപ്പനി.............32,22,151............15
എച്ച്1 എൻ1...........89..............7
വൈദ്യസഹായം നിർബന്ധം
മാസ്ക്,ശാരീരിക അകലം,കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം
പനി വന്നാൽ വൈദ്യസഹായത്തോടെ ഏതുതരം പനിയാണെന്ന് സ്ഥിരീകരിക്കണം
ഡെങ്കിപ്പനി, എലിപ്പനി രോഗനിർണയവും ചികിത്സയും വൈകിയാൽ സങ്കീർണമാകും
വിശ്രമം അത്യാവശ്യം. പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുത്. യാത്രകളും ഒഴിവാക്കണം
ധാരാളം ശുദ്ധജലം കുടിക്കണം. കരിക്കിൻ വെള്ളം, ഉപ്പ് ചേർത്ത കഞ്ഞിവെള്ളം എന്നിവ നല്ലത്
കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ അവ നിയന്ത്രണവിധേയമാക്കണം
മാസ്ക്ക് അണുബാധയിൽ നിന്ന് രക്ഷിക്കും. ഫ്ളുവിന് ആന്റിവൈറൽ മരുന്നും വാക്സിനും ലഭ്യമാണ്. 65 വയസ് കഴിഞ്ഞവർ ന്യൂമോകോക്കൽ വാക്സിനും എടുക്കണം
-ഡോ.ബി. ഇക്ബാൽ
ആരോഗ്യവിഗ്ദ്ധൻ
വൈറസുകൾ കൊണ്ടുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടണം. പകരാതിരിക്കാൻ മുൻകരുതലെടുക്കണം
-വീണാജോർജ്
ആരോഗ്യമന്ത്രി