തിരുവനന്തപുരം: മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ ആർ.സി.സി ഡയറക്ടറെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ ആർ.സി.സിയിലെ ടെലിഫോൺ ഓപ്പറേറ്ററും സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റുമായ സി. ശ്രീകുമാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. സനിൽ കുമാറാണ് ജാമ്യം നൽകിയത്.
ജീവനക്കാരുടെ അവകാശങ്ങൾക്കായുളള ധർണയുടെ മുന്നോടിയായി കഴിഞ്ഞ 12ന് നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തി തടഞ്ഞുവച്ചെന്നാണ് കേസ്. 14ന് ആരോഗ്യ സെക്രട്ടറി നടത്തിയ ചർച്ചയിൽ ഉന്നയിക്കാത്ത പരാതിയാണ് പിന്നീട് ഡയറക്ടർ ഉന്നയിച്ച് കള്ളക്കേസ് നൽകിയതെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഹർജിക്കാരനുവേണ്ടി മൃദുൽ ജോൺ മാത്യു ഹാജരായി.