തിരുവനന്തപുരം:ബീമാപള്ളി ദർഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസിന് ഞായറാഴ്ച രാവിലെ 11ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എൽ.മുഹമ്മദ് ഇസ്മായിൽ കൊടിയേറ്റി.രാവിലെ 8ന് നടന്ന പ്രാർത്ഥനയ്ക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകി.തുടർന്ന് പട്ടണ പ്രദക്ഷിണം നടന്നു.10.30നുള്ള പ്രാർത്ഥനയ്ക്ക് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകി.തുടർന്നായിരുന്നു ഉറൂസിന്റെ കൊടിയേറ്റം. മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വി.എസ്.ശിവകുമാർ,വി.സുരേന്ദ്രൻപിള്ള, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സലിം, എസ്.എം ബഷീർ,കൗൺസിലർമാരായ മിലാനി പെരേര, ജെ.സുധീർ,മേരി ജിപ്സി, വി.എസ്.സുലോചനൻ,ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീൻ പൂക്കോയ തങ്ങൾ,മുത്തക്കോയ തങ്ങൾ, ജമാഅത്ത് ജനറൽ സെക്രട്ടറി എം.കെ.എം.നിയാസ്,വൈസ് പ്രസിഡന്റ് എ.സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.രാത്രി 9.30 ന് സൂഫീ ചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു. തുടർന്ന് ബുർദ മജിലിസും അരങ്ങേറി. ജനുവരി നാല് വരെയാണ് ഈ വർഷത്തെ ഉറൂസ് ചടങ്ങുകൾ. പ്രത്യേക പ്രാർത്ഥനകൾ, മതപ്രസംഗം,ബുർദ മജിലിസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി മൂന്നുവരെ എല്ലാ ദിവസവും രാത്രി 7 മുതൽ മൗലിദ്,മുനാജാത്ത്,റാത്തീബ്,ബുർദ എന്നിവ നടക്കും. മൂന്നുവരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രസംഗവുമുണ്ടാകും. സമാപന ദിവസമായ 4ന് പുലർച്ച ഒന്നിന് നടക്കുന്ന പ്രാർത്ഥനയ്ക്ക് ബീമാപള്ളി അസി.ഇമാം മാഹീൻ അബൂബക്കർ ഫൈസി നേതൃത്വം നൽകും. 1.30ന് പട്ടണ പ്രദക്ഷിണം. പുലർച്ച നാലിന് നടക്കുന്ന പ്രാർത്ഥനയ്‌ക്ക് ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനവും നടക്കും.