p

തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി അടക്കം ഉൾപ്പെട്ട വൻ നിയമനത്തട്ടിപ്പ് പുറത്തുവന്നതോടെ സ്ഥാപനത്തിലെ കഴിഞ്ഞ നാലു വർഷത്തെ മുഴുവൻ നിയമനങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. 2018 മുതൽ ടൈ​റ്റാനിയത്തിൽ ജോലി ലഭിച്ചവരുടെ വിവരങ്ങൾ ശേഖരിക്കും. സ്ഥിരം, താത്കാലികം, കരാർ, നിശ്ചിത സമയ കരാർ ഉൾപ്പെടെയുള്ള നിയമനങ്ങളുടെ വിവരങ്ങൾ നൽകാൻ മാനേജ്‌മെന്റിന് അന്വേഷണസംഘം കത്ത് നൽകി.

തമ്പി എച്ച്.ആർ മാനേജർ ആയതു മുതലുള്ള വിവരങ്ങളും ശേഖരിക്കും. സ്ഥാപനത്തിലെ ജോലി ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചശേഷം തമ്പി സുഹൃത്തും സഹപാഠിയുമായ ശ്യാംലാലിന് കൈമാറുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ശ്യാംലാലാണ് മറ്റ് പ്രതികളായ പ്രേംകുമാർ, രാജേഷ്, ദിവ്യജ്യോതി, അനിൽകുമാർ, മനോജ് ഉൾപ്പെടെയുള്ളവർ വഴി ഉദ്യോഗാർത്ഥികളെ വലയിലാക്കിയത്.

തട്ടിപ്പിൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളെ ചാക്കിലാക്കാൻ ശ്യാംലാലിനെ സഹായിച്ച ചിലരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.

അതേസമയം, തമ്പി ഉൾപ്പെടെ ഒളിവിൽ കഴിയുന്ന ആറ് പ്രതികൾക്കായി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കി. ഇവർ ഒളിവിൽ കഴിഞ്ഞെന്ന് കരുതപ്പെടുന്ന ചില സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. ഒന്നാം പ്രതി ദിവ്യജ്യോതി മാത്രമാണ് ഇതുവരെ പിടിയിലായത്. മറ്റുള്ളവരെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. പാൽക്കുളങ്ങര സ്വദേശി ഹരികുമാറിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഒരുകേസ് കൂടി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം 13 ആയി.