
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.ആർ.ജ്യോതിലാൽ, പുനിത്കുമാർ, ഡോ.ബി.അശോക് എന്നിവർക്ക് സ്ഥാനക്കയറ്റം. ജ്യോതിലാലിനെയും പുനിതിനെയും അഡി.ചീഫ്സെക്രട്ടറിമാരായും ഡോ.ബി.അശോകിനെ പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് സ്ഥാനക്കയറ്റം നൽകിയത്. ജ്യോതിലാലിനും പുനിതിനും ചീഫ് സെക്രട്ടറി ഗ്രേഡും നൽകി.
ജ്യോതിലാൽ പൊതുഭരണം, ഊർജ്ജം വകുപ്പുകളിലും പുനിത് ആസൂത്രണ വകുപ്പ്, പി.ആർ.ഡി എന്നിവിടങ്ങളിലും ബി.അശോക് കൃഷി വകുപ്പിലും തുടരും. കെ.ടി.ഡി.എഫ്.സി ചെയർമാന്റെ ചുമതലയും അശോകിനാണ്.
1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജ്യോതിലാൽ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും ഇക്ഫായ് സർവകലാശാലയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ഐ.ടി, ഗതാഗതം, ഏവിയേഷൻ, തുറമുഖം, എക്സൈസ്, പാർലമെന്ററികാര്യം, ദേവസ്വം, ടൂറിസം, സിവിൽ സപ്ലൈസ്, ഭക്ഷ്യം, ഫിഷറീസ്, മൃഗസംരക്ഷണം, കൃഷി അടക്കം വിവിധ വകുപ്പുകളുടെ സെക്രട്ടറിയായിട്ടുണ്ട്. കേരള മെട്രോപ്പൊളിറ്രൻ ട്രാൻസ്പോർട്ട് അതോറിട്ടി വൈസ് ചെയർമാനായിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും കളക്ടറായിരുന്നു. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി, ഇ-മൊബിലിറ്റി, ഹൈടെക് അഗ്രികൾച്ചർ തുടങ്ങിയ നിരവധി പ്രോജക്ടുകളുടെ മേധാവിയായിട്ടുണ്ട്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. ചാക്ക അജന്താ പുള്ളി ലെയ്നിലാണ് ഇപ്പോൾ താമസം.
1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.ബി.അശോക് വിദ്യാഭ്യാസ വിദഗ്ദ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ, അക്കാഡമിഷ്യൻ, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ്. കേരളാ വെറ്ററിനറി സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായിരുന്നു. മസൂറിയിലെ നാഷണൽ അക്കാഡമി ഒഫ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. വൈദ്യുതിബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു. കാർഷിക സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ഇറ്റലിയിലെ വാഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദം നേടി. നെതർലാൻഡ്സിലെ മാസ്ട്രിച്ത് സർവകലാശാലയിൽ നിന്ന് റിസർച്ച് ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ടാറ്റാ മാനേജ്മെന്റ് സ്കൂൾ, ലണ്ടൻ സർവകലാശാല, അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് മാനേജ്മെന്റിൽ പരിശീലനം നേടി. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റാണ്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.