rabh1

ഉദിയൻകുളങ്ങര: കടലാക്രമണം രൂക്ഷമായ പൊഴിയൂർ, കൊല്ലങ്കോട് തീരങ്ങളിൽ ചെല്ലാനം മോഡൽ ടെട്രാപോഡിന്റെ സുരക്ഷ ഒരുക്കും. ഇതിനായി 51 കോടിയുടെ പദ്ധതിക്ക് ജലവിഭവ വകുപ്പ് ഭരണാനുമതി നൽകി. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ കടലാക്രമണത്തിൽ പൊഴിയൂർ, കൊല്ലങ്കോട് തീരത്തിന് വൻ നഷ്ടമാണുണ്ടായത്. നിരവധി വീടുകൾക്കും റോഡിനും പള്ളിക്കുമടക്കം കേടുപാടുകളുണ്ടായി. താത്കാലിക പരിഹാരം എന്ന നിലയിൽ കടൽ ഭിത്തി സ്ഥാപിച്ചിരുന്നു. ബഡ്‌ജറ്റിൽ തീരദേശ സംരക്ഷണത്തിന് ശാശ്വത പരിഹാരത്തിനായി നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇറിഗേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനിയർ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതി ചുമതല.