
പാലോട്: ആദിവാസി യുവാവിനെ മർദ്ദിച്ച് അവശനാക്കിയശേഷം ബൈക്കിൽ കൊണ്ടുപോയി കാലൻകാവ് റോഡിൽ ഉപേക്ഷിച്ച് സംഭവത്തിൽ മൂന്നുപേരെ പാലോട് പൊലീസ് സാഹസികമായി പിടികൂടി. നന്ദിയോട് പച്ച പുലിയൂർ വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടിൽ കണ്ണാപ്പി എന്ന സുമേഷ് (27), പച്ച പുലിയൂർ ലക്ഷംവീട് മൂലയിൽ വീട്ടിൽ ശിവകുമാർ (19), പച്ച കുറവൻകോണം വയലരികത്ത് വീട്ടിൽ അപ്പു എന്ന ശ്രീഹരി (18) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 16ന് രാത്രി 11ഓടെ പച്ച ക്ഷേത്രത്തിൽ നിന്ന് വലിയ വേങ്കാട്ടുകോണത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അരുൺ നിവാസിൽ അരുണിനെ (29)യാണ് പ്രതികൾ ചേർന്ന് മൃഗീയമായി മർദ്ദിച്ചത്.
പ്രതികളുടെ ലഹരി വില്പന അരുൺ തടഞ്ഞതിനെച്ചൊല്ലി മൂന്നുമാസം മുമ്പുണ്ടായ ചെറിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾക്കും നട്ടെല്ലിനും പൊട്ടലുണ്ടാകുകയും ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാവുകയും ചെയ്‌ത അരുൺ ഇപ്പോഴും അതീവഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അരുൺ മരിച്ചെന്ന് കരുതി അന്നുതന്നെ ഒളിവിൽ പോയ പ്രതികൾ കർണാടകയിലെ കുടക്,ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയവെയാണ് പാലോട് പൊലീസിന്റെ പിടിയിലായത്.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പാലോട് സി.ഐ പി. ഷാജിമോൻ, എസ്.ഐ എ നിസാറുദ്ദീൻ, എ.എസ്.ഐ അൽ അമാൻ, സി.പി.ഒമാരായ വിനീത്, രജിത് രാജ്, അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.