പുതിയ ജില്ലാ സെക്രട്ടറി ഫെബ്രുവരിയിൽ
തിരുവനന്തപുരം: പാർട്ടി തലസ്ഥാന ജില്ലാ നേതൃത്വത്തിന്റെ തണലിൽ വിദ്യാർത്ഥി, യുവജന സംഘടനാനേതാക്കൾ നടത്തിയ പേക്കൂത്ത് വരുത്തിവച്ച ക്ഷീണം മറികടക്കാൻ അടിമുടി ശുദ്ധികലശത്തിന് സി.പി.എം. ഈ രീതി വച്ചുപൊറുപ്പിക്കാനാവില്ലെന്ന കർശന നിർദ്ദേശം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് കൈമാറി.
സംസ്ഥാന സെക്രട്ടേറിയറ്റംഗമായിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ആനാവൂർ നാഗപ്പന് പകരക്കാരൻ ഫെബ്രുവരി ആദ്യവാരത്തോടെ വരും. വർക്കല എം.എൽ.എയും സി.പി.എം സംസ്ഥാനസമിതി അംഗവുമായ വി. ജോയിയുടെ പേരാണ് പ്രധാനമായും പറഞ്ഞുകേൾക്കുന്നത്. എം. വിജയകുമാർ, സി. ജയൻ ബാബു തുടങ്ങിയ പേരുകളുമുയരുന്നു. തലസ്ഥാനത്ത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദങ്ങളേറെയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയത്തിന് ചുക്കാൻ പിടിച്ചതിനാണ് കൊച്ചി സംസ്ഥാനസമ്മേളനം ആനാവൂരിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയത്. 14ൽ 13 സീറ്റുകളും ജില്ലയിൽ ഇടതുമുന്നണി നേടി. എന്നാൽ ഇതിന്റെ തിളക്കമാകെ കെടുത്തുന്നതാണ് സമീപകാലത്തുണ്ടായ വിവാദങ്ങൾ.
വിദ്യാർത്ഥി, യുവജന നേതാക്കൾക്കെതിരെ ലഹരിയിടപാടുൾപ്പെടെ ആരോപണങ്ങളും പീഡന പരാതികളുമുയർന്നത് നേതൃത്വത്തിന് വെല്ലുവിളിയായി. ജില്ലാ സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് വയസ് തിരുത്തി എസ്.എഫ്.ഐ നേതാവായതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഭിജിത്തിന്റെ ശബ്ദരേഖയും പുറത്തുവന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായ കർക്കശ ഇടപെടലിനെത്തുടർന്നാണ് യുവജന, വിദ്യാർത്ഥി നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ ജില്ലാ നേതൃത്വം നിർബന്ധിതമായത്. എന്നാൽ, സാമ്പത്തിക ആരോപണങ്ങളടക്കം ജില്ലാ നേതാക്കൾക്കെതിരെ പരാതികൾ വേറെയുമുയരുന്നു. കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദവും തലവേദനയായി. എല്ലാ ആരോപണങ്ങളും പരിശോധിച്ച് തിരുത്താനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ജനുവരി ആറ് മുതൽ 9 വരെ തലസ്ഥാനത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യാസമ്മേളനമാണ്. അതിന്റെ മുഖ്യ സംഘാടനച്ചുമതല പാർട്ടി ജില്ലാ നേതൃത്വത്തിനാണ്. ഇതിന് പുറമേ ഭവനസന്ദർശനവും കേന്ദ്രത്തിനെതിരായ പ്രക്ഷോഭപരിപാടികളുമുണ്ട്. ഇവയെല്ലാം അവസാനിച്ച ശേഷം ഫെബ്രുവരി 7നും 8നും സി.പി.എം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്നാകും പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുക.