flower

വർണാഭമായ ലൈറ്റുകൾ, രുചി വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടുകൾ

തിരുവനന്തപുരം : ക്രിസ്മസ് അവധിക്കാലം അനന്തപുരിക്ക് അവിസ്മരണീയമാക്കിക്കൊണ്ട് കനക്കുന്നിൽ നടക്കുന്ന നഗരവസന്തം പുഷ്പമേളയ്ക്ക് വൻ ജനപങ്കാളിത്തം.വർണാഭമായ ലൈറ്റുകളുടെയും നൂറോളം ഇൻസ്റ്റലേഷനുകളുടെയും സാന്നിദ്ധ്യം ആളുകളെ കൂട്ടത്തോടെ ആകർഷിക്കുകയാണ്. വൈകുന്നേരങ്ങളിൽ കുടംബത്തോടെയെത്തി അവധി ആഘോഷിച്ച് മടങ്ങുന്നവരുടെ നീണ്ടനിരയാണ്. ഭക്ഷണപ്രിയർക്ക് ആവശ്യാനുസരണം പലതരം വിഭവങ്ങളുടെ രുചിയറിയാനും നഗരവസന്തം പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. നഗര വസന്തത്തിലെ ഏറ്റവും വലിയ ഇൻസ്റ്റലേഷനായ സൂര്യകാന്തിയിലുള്ള വസന്തകന്യക പുഷ്പമേളയിലെ പ്രധാന ആകർഷണമാണ്. ക്രിയേറ്റീവ് ആർട്ടിസ്റ്റായ ഹൈലേഷാണ് നഗരവസന്തത്തിലെ ഇൻസ്റ്റലേഷനുകളുടെ നിർമാണത്തിന് നേതൃത്വം നൽകിയത്. വസന്ത കന്യകയുടെയും സ്രഷ്ടാവ് ഹൈലേഷാണ്. മുടിയിഴകളിൽ പൂക്കൾ വിടർന്നുനിൽക്കുന്ന കന്യകയുടെ മുഖവും കൈയും കൈയിൽ നിന്ന് ഒഴുകിയിറങ്ങുന്ന ജലധാരയും കുളവുമൊക്കെ അടങ്ങുന്ന വസന്തകന്യക ഇൻസ്റ്റലേഷന് 20അടിയോളം ഉയരമുണ്ട്.

ഹൈലേഷിന്റെ നേതൃത്വത്തിൽ 15ഓളം കലാകാരന്മാരാണ് വസന്ത കന്യകയെ ഒരുക്കിയത്.രാത്രി ദീപാലങ്കാരങ്ങൾ തെളിയുന്നതോടെ വസന്തകന്യക കൂടുതൽ സുന്ദരിയാകും. പുഷ്പമേളയുടെ ഭാഗമായി കഫെ കുടുംബശ്രീ ഒരുക്കിയിട്ടുള്ള ദേശീയ ഭക്ഷ്യമേളയാണ് ഭക്ഷണ വൈവിദ്ധ്യത്തിന്റെ സമ്മേളനവേദിയാകുന്നത്. ആന്ധ്രപ്രദേശിന്റെ തനത് ഹൈദരാബാദി ബിരിയാണി മുതൽ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സിക്കിം,അസാം തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂചികളും മേളയിലുണ്ട്. 30ലധികം വ്യത്യസ്ത തരം ജ്യൂസുകൾ ലഭിക്കുന്ന ജ്യൂസ് സ്റ്റാളാണു ഭക്ഷ്യമേളയിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം.

പാട്ടു കേട്ട് മനസും നിറയ്ക്കാം

പുഷ്പമേളയിലെ കാഴ്ചകൾ കണ്ട് കണ്ണും, ഇഷ്ടവിഭവങ്ങൾ രുചിച്ച് വയറും നിറയ്ക്കുന്നവർക്ക് പാട്ടുകേട്ട് മനസും നിറയ്ക്കാം. സൂര്യകാന്തിയിലെ സ്‌റ്റേജിൽ രാത്രി 9 മുതൽ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീത പരിപാടികളും അരങ്ങേറും. ഇന്ന് അഖില ആനന്ദാണ് സൂര്യകാന്തിയിൽ സംഗീത മധുരം തീർക്കുന്നത്. വരും ദിവസങ്ങളിൽ പുഷ്പവതി,നാരായണി ഗോപൻ,അപർണ്ണ രാജീവ് തുടങ്ങിയവരും വേദിയിലെത്തും.