
വിഴിഞ്ഞം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തി ദുരൂഹ സാഹചര്യത്തിൽ ആഴിമല കടലിൽ വീണ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ്. ജൂലായ് 9ന് നടന്ന സംഭവത്തിൽ പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ മധു-മിനി ദമ്പതികളുടെ മകൻ കിരൺ (ചിക്കു-25) ആണ് മരിച്ചത്. കിരണിന്റേത് ആത്മഹത്യയെന്ന് ഉറപ്പായിട്ടില്ലെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ജൂലായ് 13ന് തമിഴ്നാട്ടിലെ കുളച്ചൽ ഇരയിമ്മൻതുറ കടൽത്തീരത്താണ് മൃതദേഹം അടിഞ്ഞത്. അവിടെനിന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ലാബ് പരിശോധനാഫലം എന്നിവ കിട്ടാനുണ്ട്. പ്രാഥമിക റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞാണ് മരണം എന്നു കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കാണാനായി കിരണും സുഹൃത്തുക്കളും ആഴിമലയിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നും പിന്നീട് കാണാതായെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. മകനെ അപായപ്പെടുത്തിയതാണെന്ന് പിതാവ് മധു പരാതി നൽകിയതിനെ തുടർന്ന് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.