വർക്കല: വർക്കല നടയറയിൽ കുടുംബങ്ങൾ തമ്മിലുള്ള മുൻവിരോധത്തിന്റെ പേരിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേർ വർക്കല പൊലീസിന്റെ പിടിയിലായി. നടയറ മുഹിയുദീൻ ജുമാ മസ്ജിദിന് മുൻവശത്ത് വച്ച് നടയറ ബംഗ്ലാവിൽ ഷാ മൻസിലിൽ അക്ബർഷായെ ക്രൂരമായി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ നിസാമുദ്ദീനും ഷിഹാബുമാണ് പിടിയിലായത്. നടയറ കുറ്റിവെട്ടിയിൽ വീട്ടിൽ സുധീർ, അജ്മൽ, നിസാമുദീൻ,ഷിഹാബ് എന്നിവർ ചേർന്നാണ് അക്ബർഷായെ ആക്രമിച്ചത്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

രണ്ട് മാസം മുൻപ് സ്കൂട്ടറിൽ വരികയായിരുന്ന വെട്ടൂരുള്ള യുവതികളെ റോഡിൽ വച്ച് ആക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് നിസാമുദ്ദീനും, ഷിഹാബുമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ സുധീറിനും അജ്മലിനുമായി അന്വേഷണം ആരംഭിച്ചതായി വർക്കല എസ്.എച്ച്.ഒ എസ്.സനോജ് അറിയിച്ചു. വർക്കല ഡി.വൈ.എസ്. പി.പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ്.എച്ച്.ഒ എസ് സനോജ്, സബ് ഇൻസ്‌പെക്ടർമാരായ രാഹുൽ പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ് സി, എ.എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ ഷിബു, സി.പി.ഒമാരായ ബിനു, ശ്രീദേവി, ഷജീർ, സുധീർ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.