തിരുവനന്തപുരം: എന്നും പ്രകൃതിയെയും കവിതയെയും സ്നേഹിച്ച മനുഷ്യസ്നേഹി ആയിരുന്നു കവയിത്രി സുഗതകുമാരിയെന്ന് അമേരിക്കയിലെ തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസറും ഡബ്ളിയു.എച്ച്.ഒ കൺസൾട്ടന്റുമായ ഡോ. എം.വി പിള്ള അനുസ്മരിച്ചു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നും എന്റെ മനസിലെ ചേച്ചി തന്നെയായിരുന്നു മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരി. ഒരു വീട്ടിൽ നാലു പേർ കേരളസാഹിത്യ അക്കാഡമി അവാർഡ് നേടിയവർ. ഹൃദയകുമാരി, സുഗതകുമാരി, സുജാതദേവി, സുഗതകുമാരിയുടെ ഭർത്താവ് വേലായുധൻ നായർ. മലയാള സാഹിത്യത്തിന് അവർ നൽകിയ സംഭാവനകളെക്കുറിച്ച് പറയാൻ ഇതിലും എളുപ്പവഴിയില്ല. സുഗതകുമാരിയുടെ ചെറുപ്പകാലം മുതലുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയ എഴുത്തുകാരിയെ ഓർമ്മിച്ചത്.
തന്റെ അയൽവാസി കൂടിയായ ഗാനഗന്ധർവൻ യേശുദാസിനെ ഡാലസിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കൊണ്ടുപോയതിനെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. യേശുദാസ് പ്രാർത്ഥിക്കുമ്പോൾ പൂജാരി ഒരു ഓടക്കുഴൽ സമ്മാനമായി നൽകി. അതുകണ്ട് എന്താ സംഭവമെന്ന് തിരക്കിയ യേശുദാസിനോട് ഞാൻ പറഞ്ഞത് 'ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും, ഓടക്കുഴൽ ഞാൻ ചോദിക്കും' എന്നല്ലേ പാടിയത്. ഇന്ന് ചോദിച്ചപ്പോൾ ആ ഓടക്കുഴലങ്ങ് നൽകി' അതുകേട്ടപ്പോൾ ചിരിക്കിടയിലും അദ്ദേഹത്തിന്റെ മിഴിയിൽ രണ്ട് നീർത്തുള്ളി തിളങ്ങുന്നുണ്ടായിരുന്നു- എം.വി പിള്ള പറഞ്ഞു.