തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് കുഴമ്പ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 44 ലക്ഷത്തിന്റെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശി സമീർ അത്രിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 3ന് ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു സമീർ എത്തിയത്. തുടർന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയപ്പോഴായിരുന്നു പിടിയിലായത്. ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ഇയാളുടെ ലഗേജുകൾ സി.ഐ.എസ്.എഫ് പരിശോധിച്ചതിനൊപ്പം നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലുളള 838.36 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ആദ്യമായാണ് സ്വർണം കടത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.