വെഞ്ഞാറമൂട്: റോഡ് പുറമ്പോക്കിൽ നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണിയുണ്ടാക്കുന്നതായി പരാതി. എം.സി റോഡിൽ പിരപ്പൻകോട് ജംഗ്ഷനു സമീപം മാണിക്കൽ സർവീസ് സഹകരണ ബാങ്കിന് എതിർവശത്ത് നിൽക്കുന്ന കൂറ്റൻ മാവിന്റെ ശിഖിരങ്ങൾ ഒടിഞ്ഞ് വീണാണ് അപകടമുണ്ടാകുന്നത്. എം.സി റോഡിലേയ്ക്കാണ് ശിഖിരങ്ങൾ ഒടിഞ്ഞു വീഴുന്നത്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. സ്കൂൾ കുട്ടികളടക്കം നിരവധി പേരാണ് കാൽനടയായി ഇതുവഴി പോകുന്നത്. ശിഖരങ്ങൾ പൂർണമായും ഒടിഞ്ഞു വീണാൽ വൻ ദുരന്തമുണ്ടാകും. അടിയന്തരമായി അപകടാവസ്ഥയിൽ നിൽക്കുന്ന മാവിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യം ശക്തമാണ്.