തിരുവനന്തപുരം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ പ്രോജക്ട് മാനേജർ തസ്‌തികയിലേക്കുള്ള നിയമനത്തിന് മുന്നൊരുക്കങ്ങളില്ലാതെ അഭിമുഖം. ഉദ്യോഗാർത്ഥികളെത്തിയ ശേഷമാണ് അഭിമുഖം നടത്തേണ്ടവരെ വിളിച്ചുവരുത്തിയത്. ഒരു തസ്‌തികയിലേക്കുള്ള അഭിമുഖത്തിന് നാലുപേരാണ് എത്തിയത്.
നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് നവംബർ 29നാണ് പരസ്യം വന്നത്. ഡിസംബർ ഏഴിനായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. ഡിസംബർ 15ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുമെന്ന് കത്തിലൂടെ ഉദ്യോഗാർത്ഥികളെ അറിയിച്ചെങ്കിലും അന്ന് എഴുത്തുപരീക്ഷ മാത്രമാണ് നടത്തിയത്. ഇന്നലെ അഭിമുഖം നടത്തുമെന്ന് അറിയിച്ച് വീണ്ടും കത്തയച്ചു.
ഇന്റർവ്യൂ ബോർഡിലേക്ക് യോഗ്യരായ ആൾക്കാരെ തരണമെന്ന് ആവശ്യപ്പെട്ട് ഹൗസിംഗ് ബോർഡിനും സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനും ജില്ലാ നിർമ്മിതി കേന്ദ്രം അധികൃതർ കത്തയച്ചിരുന്നെങ്കിലും ആരുമെത്തിയില്ല. ഒടുവിൽ സബ് കളക്ടർ ഇടപെട്ടശേഷമാണ് അഭിമുഖം നടത്താൻ വിദഗ്ദ്ധരെത്തിയത്.
ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ ചെയർമാൻ ജില്ലാ കളക്ടറും സെക്രട്ടറി സബ് കളക്ടറുമാണ്. പ്രോജക്റ്റ് മാനേജർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഒക്ടോബർ ഒന്നിനാണ് ആദ്യം പരസ്യം നൽകിയിരുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 7ആയിരുന്നു. എന്നാൽ ഇതിനിടെ പൂജ അവധി കൂടിയെത്തിയതോടെ അപേക്ഷിക്കാൻ കിട്ടിയത് ഒരു പ്രവൃത്തിദിവസം മാത്രം. ഉദ്യോഗാർത്ഥികളിൽ ആരോ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റവന്യു മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അന്നത്തെ പരസ്യം ജില്ലാ നിർമ്മിതി കേന്ദ്രം റദ്ദാക്കുകയായിരുന്നു.