തിരുവനന്തപുരം: നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം പുതുവർഷത്തോടെ സംസ്ഥാന വ്യാപകമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിലെ തൊഴിലില്ലാത്ത മുഴുവൻ ചെറുപ്പക്കാരെയും അണിനിരത്തിയുള്ള വലിയ പ്രക്ഷോഭമായി സമരം മാറുമെന്നും അദ്ദേഹം പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ 53ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ കൊഞ്ഞനംകുത്തിയും ചെറുപ്പക്കാരെ കബളിപ്പിച്ചും പിൻവാതിൽ നിയമനം നടത്തി അധികാരം എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് സി.പി.എം തെളിയിക്കുകയാണ്. കോർപ്പറേഷനിലെ തട്ടിപ്പിനെ ന്യായീകരിക്കാനിറങ്ങിയ മന്ത്രിമാർ ജനങ്ങൾക്ക് മുമ്പിൽ ഒറ്റപ്പെട്ടു. മേയർ രാജിവയ്‌ക്കാതെ യു.ഡി.എഫ് സമരത്തിൽ നിന്ന് പിന്മാറില്ല. പുതുവർഷത്തിൽ സമരം കേരളത്തിലെ ചെറുപ്പക്കാർ ഏറ്രെടുക്കും. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും. ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് യു.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.ശരത്ചന്ദ്ര പ്രസാദ്, ജി.എസ്.ബാബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ബീമാപള്ളി റഷീദ്, കൗൺസിലർമാരായ പദ്മകുമാർ, മേരി പുഷ്‌പം തുടങ്ങിയവർ പങ്കെടുത്തു.