വെഞ്ഞാറമൂട്: നോട്ടെഴുതാത്ത വിദ്യാർത്ഥിയുടെ ഷർട്ടിനുപിടിച്ച് ബെഞ്ചിലേക്ക് തള്ളിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാതെ അധികൃതർ. ഇക്കഴിഞ്ഞ നവംബർ 16ന് പാറയ്ക്കൽ സർക്കാർ യു.പി സ്കൂളിലായിരുന്നു സംഭവം. നോട്ടെഴുതാതെ ക്ലാസിൽ വന്ന പാറയ്ക്കൽ മൂളയം സ്വദേശിയായ ആറാം ക്ലാസുകാരനെ ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകൻ ഷർട്ടിൽ തൂക്കി ബെഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് പരാതി. വീഴ്ചയിൽ ബെഞ്ചിന്റെ മുനഭാഗം വിദ്യാർത്ഥിയുടെ നട്ടെല്ലിൽ ഇടിച്ചു.

പിറ്റേ ദിവസം വേദനയായതോടെ മാതാവ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് നട്ടെല്ലിന് സാരമായ ക്ഷതമേറ്റതായി അറിഞ്ഞത്. ഡോക്ടറുടെ നിർദേശ പ്രകാരമാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. പിന്നീട് ചൈൽഡ് ലൈനിനും പരാതി നൽകി.തുടർന്ന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അദ്ധ്യാപക സംഘടനാനേതാവ് കൂടിയ അമീർഖാനെ വകുപ്പ് സംരക്ഷിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. മൊഴി മാറ്റിപ്പറയാൻ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് സമ്മർദ്ദമുണ്ടായതായും കുട്ടിക്ക് നീതി ലഭിക്കണമെന്നും ഒരു മാസം പിന്നിട്ടിട്ടും ആരും അന്വേഷിച്ച് എത്തിയില്ലെന്നും കുട്ടിയുടെ മാതാവ് വിചിത്ര പറഞ്ഞു. എന്നാൽ മനപ്പൂർവമല്ലെന്നും കുട്ടിയെ അദ്ധ്യാപകൻ പിടിച്ചിരുത്തിയപ്പോൾ പിറകിലിരുന്ന ബെഞ്ച് കൊണ്ടെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.