
പാറശാല: കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം മേഖലയിൽ അപകടങ്ങൾക്ക് അറുതി വരുന്നില്ല. സർക്കാർ മേഖലയിൽ തന്നെ ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി.ഐക്ക് പുറമെ ഐ.എച്ച്.ആർ.ഡി കോളേജ്, എൻ.എസ്.എസ് മാനേജ്‌മെന്റിന്റെ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് പുറമെ പൊതുവാണിജ്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പഞ്ചായത്ത് ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിച്ചുവരുന്നതും ജനസഞ്ചാരം ഏറിയതും അതീവ പ്രാധാന്യവുമുള്ള മേഖലയിലാണ് അപകടങ്ങൾ പതിവാകുന്നത്.
വീതി കുറഞ്ഞ റോഡിലെ ഗതാഗത ക്കുരുക്കുകളും നിയന്ത്രണമില്ലാതെ എത്തുന്ന വാഹനങ്ങളും റോഡപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡുവക്കുകളിലെ മത്സ്യ മാർക്കറ്റുകളുൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നു. രാവിലെ 8 മുതൽ ആരംഭിക്കുന്ന മത്സ്യക്കച്ചവടം രാത്രി 9 വരെയും തുടരുന്നു. റോഡ് വക്കുകളിൽ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ആളുകൾ റോഡിൽ നിന്ന് തന്നെയാണ് മത്സ്യം വാങ്ങുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മേഖലയിൽ നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ മുന്നോട്ടുവന്ന് നാട്ടുകാർക്ക് സൗകര്യപ്രദമായ മേഖലയിൽ മാർക്കറ്റിനായി വേണ്ടത്ര സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്. അപകടങ്ങൾ തടയുന്നതിനായി ഇവിടെ അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി റോഡിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. എന്നാൽ ഇത് ശാശ്വത പരിഹാരമാവില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്തിലെ അറിയപ്പെടുന്ന പൊതു മാർക്കറ്റ് പ്രവർത്തിക്കുന്നത് ധനുവച്ചപുരത്തു നിന്നും മൂന്ന് കിലോമീറ്ററോളം അകലെ ദേശീയ പാതയിൽ പാറശാല, ചെങ്കൽ, കൊല്ലയിൽ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കൊറ്റാമത്താണ്. നേരത്തെ ധനുവച്ചപുരത്ത് പൊതു മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം സ്വകാര്യ വസ്തുവാണെന്ന കാരണത്താൽ കെട്ടി അടച്ചതിനെ തുടർന്നാണ് മാർക്കറ്റ് റോഡുവക്കിലേക്ക് മാറിയത്. എന്നാൽ ധനുവച്ചപുരം മേഖലയിലെ നാട്ടുകാർക്ക് മാത്രമായി മാർക്കറ്റ് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരുന്നു. എങ്കിലും ഇവിടം ജനശ്രീ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കായി ഉപയോഗിച്ചതോടെ മാർക്കറ്റ് റോഡുവക്കിൽ ഒതുങ്ങുകയായിരുന്നു.
വിദ്യാഭ്യസ സ്ഥാപനങ്ങളിലേക്ക് രാവിലെ 8 മുതൽ എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർ തിരക്കേറിയ റോഡിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റിന് ഇടയിലൂടെ നടന്നാണ് തങ്ങളുടെ സ്ഥാപനങ്ങളിൽ എത്തുന്നത്. അമിത വേഗതയിൽ ഓടിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം മേഖലയിൽ പെരുകി വരുന്നത് അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. എന്നാൽ സന്ധ്യ കഴിഞ്ഞാൽ മെഴുകുതിരി വെളിച്ചത്തിൽ പ്രവർത്തിക്കുന്ന മാർക്കറ്റിലേക്ക് എത്തുന്നവരുടെ തിരക്കും വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.