ചിറയിൻകീഴ്: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 30, 31, ജനുവരി 1 തീയതികളിൽ ചിറയിൻകീഴ് വഴി ശിവഗിരിയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് വിശ്രമ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രസന്നിധിയിൽ ഇടത്താവളമൊരുക്കാൻ ചിറയിൻകീഴ് പഞ്ചായത്ത് ശിവഗിരി തീർത്ഥാടന സ്വീകരണക്കമ്മിറ്റി യോഗം തീരുമാനിച്ചു. 30ന് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നിന്ന് പുലർച്ചെ ശിവഗിരിയിലേക്ക് പോകുന്ന തീർത്ഥാടന മത സമന്വയ പദയാത്രയ്ക്ക് താലൂക്ക് അതിർത്തിയായ പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുമണ്ഡപത്തിൽ ഭക്തിനിർഭര വരവേൽപ്പൊരുക്കും. തുടർന്ന് വർക്കല താലൂക്ക് അതിർത്തിയിലെ നെടുങ്ങണ്ട ഒന്നാം പാലം ഗുരുമന്ദിരം വരെ പദയാത്രയെ യൂണിയൻ ഭാരവാഹികളും പ്രവർത്തകരും അനുഗമിക്കും. ഉച്ചയ്ക്ക് 1ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ സ്വീകരണത്തിനു ശേഷം പദയാത്രികർക്ക് സമൂഹസദ്യ നൽകും. തീർത്ഥാടന പഞ്ചായത്ത് സമിതി പ്രസിഡന്റ് ആർ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ച വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗത്തിൽ സെക്രട്ടറി ആർ.ബാലാനന്ദൻ, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ഗോപിനാഥൻ തെറ്റിമൂല, ബൈജു തോന്നയ്ക്കൽ, ബിജു കാർത്തിക, പ്രദീപ് സഭവിള, ചന്ദ്രസേനൻ, ഡി.ചിത്രാംഗദൻ, വിജയൻതൊടിയിൽ എന്നിവർ സംസാരിച്ചു. സി.വിഷ്ണു ഭക്തൻ, ഡോ.ബി.സീരപാണി (രക്ഷാധികാരികൾ), ആർ.ബാലാനന്ദൻ (ചെയർമാൻ), ശ്രീകുമാർ പെരുങ്ങുഴി (ജനറൽ കൺവീനർ), ഡി. ചിത്രാംഗദൻ, ബൈജു തോന്നയ്ക്കൽ (വൈസ് ചെയർമാന്മാർ), ചന്ദ്രസേനൻ, ബിജു കാർത്തിക (കൺവീനർമാർ) എന്നിവർ മുഖ്യ ഭാരവാഹികളായി 51 പേരുള്ള സംഘാടക സമിതി രൂപീകരിച്ചു.