തിരുവനന്തപുരം: സി.പി.എമ്മിന് ക്ഷീണമായി മാറിയ തലസ്ഥാന ജില്ലയിലെ ചില പാർട്ടി നേതാക്കളുടെ അടക്കം വഴിവിട്ട പോക്ക് തടയാനുള്ള ഇടപെടൽ സംസ്ഥാന നേതൃത്വം കർശനമാക്കിയതോടെ ശുദ്ധീകരണ പ്രക്രിയ ഊർജ്ജിതമാക്കി ജില്ലാ നേതൃത്വം. കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട അച്ചടക്ക നടപടികൾക്ക് പിന്നാലെ വിളവൂർക്കലിൽ ആരോപണവിധേയരായ പാർട്ടി നേതാക്കൾക്കെതിരെ കൂട്ടനടപടിയെടുത്തു.
ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസിലാണ് നടപടി. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തെ താക്കീത് ചെയ്യാനും തീരുമാനിച്ചു. ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളെയും കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റിയോഗം താക്കീത് ചെയ്തു. പോക്സോ കേസ് പ്രതിയായ ജിനേഷിന്റെ കാര്യത്തിൽ പാർട്ടിയംഗങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നതാണ് കുറ്റം. എന്നാൽ ലോക്കൽ സെക്രട്ടറി ബിജുവിനെ മാറ്റിയത് അദ്ദേഹം ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനാലാണ് എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം.
ജില്ലയിലെ മറ്റിടങ്ങളിലും വ്യാപകമായ ശുദ്ധികലശത്തിനുള്ള ഇടപെടലിലേക്ക് കടക്കാനാണ് സി.പി.എം തീരുമാനം. ജനുവരി ഒന്ന് മുതൽ 21വരെ സംസ്ഥാനവ്യാപകമായി പി.ബി അംഗങ്ങളുൾപ്പെടെയുള്ളവർ ഭവനസന്ദർശന പരിപാടിക്ക് തീരുമാനിച്ചിട്ടുണ്ട്. അതിനുമുമ്പ് താഴെത്തട്ടിലെ ശുദ്ധീകരണപ്രക്രിയ പൂർത്തിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.