
മൊട്ടമൂട്: ശബരിമലയ്ക്ക് പോയ യുവാവ് സഞ്ചരിച്ച വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മൊട്ടമൂട് പൂരം നിവാസിൽ ഉത്തമന്റെയും ആശയുടെയും മകൻ യു.ആകാശാണ് (21) മരിച്ചത്. പ്രാവച്ചമ്പലം - ഉൗരൂട്ടമ്പലം റോഡിൽ മൊട്ടമൂട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ 9.45 നായിരുന്നു അപകടം. ടെമ്പോ ട്രാവലറിൽ നിന്ന് യാത്ര ചെയ്യവേ ഗട്ടറിൽ വീണ് വാഹനം കുലുങ്ങിയമ്പോൾ ആകാശ് ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ ആദ്യം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരുവാമൂട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി തുടർ നടപടികൾ സ്വീകരിച്ചു. സഹോദരൻ: ആദർശ്. യു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.