ലുക്ക് ഔട്ട് നോട്ടീസിനാെപ്പം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദ്ദേശം
തിരുവനന്തപുരം: ടൈറ്റാനിയം നിയമനത്തട്ടിപ്പ്കേസിൽ അന്വേഷണം ശക്തമാക്കിയി
രിക്കെ ഒളിവിൽ കഴിയുന്ന മുഖ്യസൂത്രധാരനും കമ്പനിയിലെ ലീഗൽ ഡി.ജി.എമ്മുമായ ശശികുമാരൻ തമ്പി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. വെഞ്ഞാറമൂട്, പൂജപ്പുര, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ശശികുമാരൻ തമ്പി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് തേടി.
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ശശികുമാരൻ തമ്പിക്കെതിരെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ട് സഹിതം മുൻകൂർ ജാമ്യത്തിനെതിരെ കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, തട്ടിപ്പിന് ശേഷം ആഴ്ചകളായി ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. അഞ്ച് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രമം തുടങ്ങിയ പൊലീസ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകി.
കമ്പനിയിലെ കഴിഞ്ഞ അഞ്ചുവർഷത്തെ നിയമനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം നിയമനത്തട്ടിപ്പിൽ കമ്പനിയിലെ മേലുദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.
ടൈറ്റാനിയത്തിന്റെ പേരിൽ റിക്രൂട്ട് മെന്റ് പരസ്യം നൽകുകയും കമ്പനിയിൽ ഇന്റർവ്യൂ നടത്തുകയും ഇത് സംബന്ധിച്ച് മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറിയ പരാതി അന്വേഷിക്കാതിരിക്കുകയും ചെയ്തത് തട്ടിപ്പിൽ കമ്പനിയിലെ ഉന്നതർക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന സാഹചര്യത്തിലാണ് കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം.
അറസ്റ്റിലായ ഒന്നാം പ്രതി ദിവ്യജ്യോതിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ കേസിൽ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പത്തോളം കേസുകളിൽ വീണ്ടും ദിവ്യജ്യോതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ട്. ഇവരുടെ അഞ്ച് വർഷത്തെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എം.എൽ.എ ഹോസ്റ്റൽ ജീവനക്കാരനുൾപ്പെടെ 7 പ്രതികളുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.