തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ കോളേജിന് നാകിന്റെ 'എ' ഗ്രേഡ്. നാക് ടീമിന്റെ പരിശോധനയിൽ 3.01 സ്കോർ നേടിയാണ് കോളേജ് എ ഗ്രേഡ് സ്വന്തമാക്കിയത്. കോളേജിലെ മികച്ച അക്കാഡമിക് നിലവാരം, ഊഷ്മളമായ അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം, യൂണിവേഴ്സിറ്റി പരീക്ഷകളിലടക്കമുള്ള മികച്ച വിജയം, മികച്ച പ്ലേസ്‌മെന്റുകൾ, ഔദ്യോഗിക രംഗത്തെ മികച്ച ഓഫീസ് ക്രമീകരണങ്ങൾ,പി.ടി.എ,വിദ്യാർത്ഥി യൂണിയൻ,കോളേജിലെ ക്ലബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം മികച്ച സ്‌കോർ നേടാൻ സഹായിച്ചതായി പ്രിൻസിപ്പൽ ഡോ.എ.എസ്.രാഖി, ഐ.ക്യു.എ.സി കോ - ഓർഡിനേറ്റർ ഡോ. ഉത്തര സോമൻ,നാക് കോ - ഓർഡിനേറ്റർ,ഡോ.എസ്.ആർ.റെജി എന്നിവർ അറിയിച്ചു. വിദ്യാർത്ഥി കൂട്ടായ്മകളിലൂടെ ലഹരിക്കും മയക്കുമരുന്നിനും സാമൂഹ്യവിരുദ്ധ ശക്തികൾക്കുമെതിരെ കലാലയം ഉയർത്തിപ്പിടിച്ച നിരവധി പരിപാടികളും എ ഗ്രേഡ് നേടാൻ കോളേജിന് സഹായകമായി,
മാനേജ്‌മെന്റിൽ നിന്നുള്ള മികച്ച പിന്തുണ,ഐ. ക്യു.എ.സി,കോളേജ് തല നാക്ക് ഗ്രൂപ്പ് അംഗങ്ങൾ, അദ്ധ്യാപക - അനദ്ധ്യാപകർ,വിദ്യാർത്ഥികൾ,പി.ടി.എ തുടങ്ങിയവയുടെ മാസങ്ങളായുള്ള പ്രവർത്തന പരിപാടികൾ തുടങ്ങിയവയൊക്കെ ഈ അംഗീകാരത്തിന് സഹായകമായി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ദേശീയ തലത്തിൽ ലഭിച്ച അവാർഡുകൾ,കോളേജിലെ ഓർഗാനിക് ഫാമിംഗ്,മെഡിസിനൽ ഗാർഡൻ,എൻവയൺമെന്റൽ ഓഡിറ്റ്,എനർജി ഓഡിറ്റ്,കോളേജ് ഹോസ്റ്റലിന്റെ മികച്ച പ്രവർത്തനങ്ങൾ തുടങ്ങിയവയും നാക് ടീമിന്റെ പ്രത്യേക പരാമർശത്തിന് വിധേയമായി.