mla

മലയിൻകീഴ് : പൊതു വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ.വഴി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പ്രോഗ്രാമിന്റെ ഭാഗമായി കൃഷ്ണപുരം കെ.പി.എം.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രഹ്ളാദിനെ കാണാൻ ക്രിസ്മസ് ദിനത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ വീട്ടിലെത്തി.കൂടെ പുതുവസ്ത്രങ്ങളും കേക്കും സമ്മാനിച്ചു.അസുഖം കാരണം പ്രഹ്ളാദിന് ദിവസവും സ്കൂളിലെത്താൻ കഴിയാത്ത വിവരം സ്കൂൾ അധികൃതർ മുഖേനയാണ് എം.എൽ.എ അറിഞ്ഞത്.സ്കൂളിലെത്താൻ കഴിയാത്തതിനാൽ കാട്ടാക്കട ബി.ആർ.സി.യിലെ അദ്ധ്യാപിക എല്ലാ ബുധനാഴ്ചയും പ്രഹ്ലാദിന്റെ വീട്ടിലെത്തി പഠനത്തിന് സഹായിക്കുന്നുണ്ട്.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് പ്രഹ്ലാദിന് എത്താൻ സാധിക്കാത്തതിനെ തുടർന്ന് എം.എൽ.എയോടൊപ്പം മലയിൻകീഴ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അദ്ധ്യാപകരും കൂട്ടുകാരും ചേർന്നാണ് പ്രഹ്ലാദിന്റെ വീട്ടിൽ എത്തിയത്.പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി, പുതുവസ്ത്രവും കേക്കും മധുരവുമെല്ലാം അവർ പ്രഹ്ലാദിനായി കരുതിയിരുന്നു.വന്ന അതിഥികൾക്കായി പ്രഹ്ളാദ് കവിതയും ചൊല്ലിക്കൊടുത്തതോടെ ക്രിസ്മസ് ആഘോഷം ഗംഭീരമായി. കൂട്ടുകാരും അദ്ധ്യാപകരും ചേർന്ന് പ്രഹ്ലാദിനായി നൃത്ത - സംഗീത വിരുന്നും ഒരുക്കിയിരുന്നു.പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വാർഡ് അംഗം.ഒ.ജി.ബിന്ദു,ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ,തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ,കാട്ടാക്കട ബി.പി.സി.എൻ.ശ്രീകുമാർ എന്നിവരുടെ കൂട്ടായ്മ പ്രഹ്ലാദിന് അളവറ്റ സന്തോഷമാണ് ഈ ക്രിസ്മസ് ദിനത്തിൽ സമ്മാനിച്ചത്.