ki

കിളിമാനൂർ: മടവൂർ പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിലെ കർഷകർ പന്നിശല്യം മൂലം ദുരിതത്തിൽ. രാത്രി 10 കഴിയുന്നതോടെ കൂട്ടമായെത്തുന്ന പന്നികൾ വാഴ, തെങ്ങിൻതൈ, മരച്ചീനി, ചേമ്പ്, ചേന തുടങ്ങി ഒട്ടെല്ലാ കാർഷിക വിളകളും നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും മേഖലകളിൽ പന്നികളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഇളമ്പ്രക്കോട് വനത്തിൽ നിന്നുമാണ് നൂറുകണക്കിന് കാട്ടുപന്നികൾ കൃഷി നശിപ്പിക്കാനായെത്തുന്നത്. പന്നികളെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് സർക്കാരിൽ നിന്ന് ലഭ്യമായതോടെ പഞ്ചായത്തിന് പന്നിശല്യം നിയന്ത്രിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്. പന്നിശല്യം കുറയാത്ത പക്ഷം കൃഷി പൂർണമായും നിറുത്താനാണ് കർഷകരുടെ തീരുമാനം.പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്ത് ലൈസൻസുള്ള ഷൂട്ടർമാരെ ഇറക്കി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.