വിതുര; പരിസ്ഥിതി ലോല വിഷയത്തിൽ ജനവാസ മേഖലകളെ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സംസ്ഥാന വനം വകുപ്പയച്ച സംരക്ഷിത പ്രദേശങ്ങളുടെ പരിസ്ഥിതി ലോല മേഖല ഭൂപടം സംബന്ധിച്ച് ആശങ്ക ഒഴിയാതെ വിതുര പഞ്ചായത്ത്. നിലവിൽ ആശങ്കകളില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കുന്നുണ്ടെങ്കിലും ലിസ്റ്റിൽ ഇനിയും മാറ്റംവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബഫർസോണുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫീൽഡ് പരിശോധന നീളുന്നതിനൊപ്പം അനവധി പരാതികളും നിലവിലുണ്ട്. കഴിഞ്ഞ ദിവസം സർക്കാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഭൂപടം വിതുര പഞ്ചായത്ത് പരിശോധിച്ചുവരികയാണ്. ആശങ്കപ്പെടുത്തുന്ന പരാതികളും സാഹചര്യങ്ങളും നിലവിലില്ലെന്ന് വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് പറഞ്ഞു. ഉപഗ്രഹ സർവേയിലൂടെ സംസ്ഥാന റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ പ്രാഥമിക റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവിട്ട ഭൂപടത്തിൽ വിതുര ഗ്രാമപ്പഞ്ചായത്തിലെ നാല് വാർഡുകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. പേപ്പാറ, കല്ലാർ, മരുതാമല, മണിതൂക്കി വാർഡുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കിയപ്പോൾ ബോണക്കാട് വാർഡ് പൂർണമായും ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതിലോല മേഖലകളിൽ നിന്ന് വിതുര പഞ്ചായത്തിനെ പൂർണമായും ഒഴിവാക്കണമെന്നാണ് പഞ്ചായത്തിന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ആവശ്യം. ഇതുസംബന്ധിച്ച് വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ആദിവാസി സംഘടനകളും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. അതേസമയം ബഫർസോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ സർവ്വേനമ്പരുകൾ ഉൾപ്പെടുത്തി സർക്കാർ പുറത്തിറക്കിയ പുതിയ ഭൂപടത്തിലും തെറ്റുകൾ കടന്നുകൂടിയതായി ആക്ഷേപമുയരുന്നുണ്ട്. ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധി ഡിസംബർ മുപ്പത് വരെയായിരുന്നത് ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. അതേസമയം അരുവിക്കര നിയോജകമണ്ഡലത്തിലെ കുറ്റിച്ചൽ പഞ്ചായത്തിൽ ബഫർസോണിൽ ഉൾപ്പെടുത്തിയ മൂന്ന് വാർഡുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജനകീയകൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
പുതിയ ഭൂപട പ്രകാരം
പുതിയ ഭൂപട പ്രകാരം കുട്ടപ്പാറ വനം ഓഫീസ്, കാണിത്തടം ചെക്പോസ്റ്റ്, കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ വഴി പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിച്ച് പരിസ്ഥിതി ലോല മേഖല കടന്നുപോകുന്നു. കരട് വിജ്ഞാപനം വന്നപ്പോൾ പരിസ്ഥിതി ലോല പരിധിയിലായിരുന്ന വിതുര ജഴ്സി ഫാം, ഐസർ ക്യാംപസ്, കല്ലാർ ജംഗ്ഷൻ എന്നിവിടങ്ങൾ പരിസ്ഥിതി ലോല പരിധിക്ക് പുറത്തായാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.