തിരുവനന്തപുരം: പുതുവത്സരമെത്താൻ രണ്ടുനാൾ ബാക്കിനിൽക്കെ ഉത്സവലഹരിയിൽ തലസ്ഥാനം. കുടുംബങ്ങൾ ഒന്നടങ്കം എത്തുന്ന കനകക്കുന്നിലെ നഗരവസന്തം പുഷ്പമേളയും വൈദ്യുതി ദീപാലങ്കാരവുമാണ് ഇക്കുറി പുതുവത്സരത്തിന്റെ പ്രധാന ആകർഷണം. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ പുതുവത്സരത്തെ വരവേൽക്കുന്നത്. തിയേറ്ററുകളിൽ ന്യൂ ഇയർ സ്പെഷ്യൽ ഷോകൾ ഉണ്ടായിരിക്കും.കോവളം,ശംഖുംമുഖം മുതലായ കടൽത്തീരങ്ങളിൽ കർശന നിയന്ത്രണത്തോടെയായിരിക്കും ആഘോഷങ്ങൾ നടക്കുന്നത്.

നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലും ക്ലബുകളിലും തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഒട്ടുമിക്ക ഹോട്ടലുകളും ആഘോഷരാവിന് നിറം പകരുന്നത്. സ്റ്റാച്യുവിലെ മൗര്യ രാജധാനിയിൽ വൈകിട്ട് 7 മുതൽ രാത്രി 12.30 വരെയാണ് ആഘോഷം.ഒരാൾക്ക് 1499, ദമ്പതികൾക്ക് 2499, കുട്ടികൾക്ക് 699 എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. കൊതിയൂറുന്ന കേക്കും വൈനും ഉൾപ്പെടുന്ന ക്യാൻഡിൽ ലൈറ്റ് ഡിന്നർ, സംഗീതസന്ധ്യ, കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ,നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിപുലമായ ആഘോഷങ്ങളാണ് തമ്പാനൂർ ഹൈസിന്ത് ഹോട്ടലിൽ ഇക്കുറിയും നടക്കുക. ഡി.ജെ നൈറ്റും ബോളിവുഡ് ഗായകൻ ഷിബു ബഷീറിന്റെ ഗാനവിരുന്നും മനം നിറയ്ക്കുന്ന ഭക്ഷണങ്ങളുമാണ് പ്രധാന ആകർഷകത്വം. 7 മുതൽ 12.30 വരെയാണ് സമയം. സ്റ്റാച്യൂ ഹിൽട്ടൺ ഗാർഡനിൽ ഡി.ജെ ഇല്ലെങ്കിലും പൂൾ പാർട്ടി ഒരുക്കുന്നുണ്ട്. 7 മുതൽ 12 വരെയാണ് പ്രവേശനം. ഒരാൾക്ക് മദ്യമുൾപ്പെടെ 3499 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 1200 രൂപയാണ്. വിദേശികളും സ്വദേശികളും ഒരുപോലെയെത്തുന്ന കോവളത്തെ കടൽത്തീരത്തുള്ള ലീല റാവിസിലെ മുഖ്യ ആകർഷണീയത ഗെയിൽ ഡിന്നറാണ്. ഗ്രിൽഡ് ചിക്കൻ,നൂഡിൽസ്,കേക്ക്,വൈൻ എന്നിവയടങ്ങിയ ഡിന്നറിനും മറ്റ് പരിപാടികൾക്കും 7 മുതൽ 10 വരെയാണ് സമയം. മദ്യമുൾപ്പെടെ 7000 രൂപയാണ് പ്രവേശന നിരക്ക്. 6-11 പ്രായമുള്ള കുട്ടികൾക്ക് 1500 രൂപ.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ

മോഡൽ സ്കൂൾ ജംഗ്ഷൻ-അരിസ്റ്റോ ജംഗ്ഷൻ റോഡിൽ മാൻഹോൾ നവീകരണം നടക്കുന്നതിനാൽ ഹോട്ടൽ ഹൊറൈസൺ,എസ്.പി.ഗ്രാൻഡ് ഡേയ്സ് എന്നിവിടങ്ങളിലെ ആഘോഷം വെള്ളത്തിലായി. പ്രധാന റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ ടാക്സി ഡ്രൈവർമാർക്കും ചെറുകിട കച്ചവടക്കാർക്കും പുതുവത്സരം നഷ്ടക്കച്ചവടം. ഡി.ജെ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കി പുതുവത്സരം ഡിന്നറിൽ ഒതുക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. പി.എം.ജി മാസ്കോട്ട് ഹോട്ടലിൽ പ്രത്യേക പരിപാടികളൊന്നുമില്ല. ഒട്ടുമിക്ക റൂമുകളിലും ബുക്കിംഗ് പൂർണമായതിനാൽ പുതിയ അതിഥികളെ സ്വീകരിക്കാനാവില്ല. എം.ജി റോഡിലെ ഹോട്ടൽ ചിരാഗിലും പുതുവത്സര പരിപാടികൾ തീരുമാനിച്ചിട്ടില്ല.

നൈറ്റ് ക്ലബ്ബും ഒരുങ്ങി

ഈഞ്ചയ്ക്കലുള്ള ഒഫോറി നൈറ്റ് ക്ലബ് 'സൗണ്ട് അവതാർ' എന്ന പേരിൽ 7 മുതൽ 12 വരെ പരിപാടികൾ സംഘടിപ്പിക്കും. ദമ്പതികളാണ് കൂടുതലായും ഇവിടെയെത്തുക.നിരവധി പേർ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. പുതുവത്സരത്തെ എതിരേൽക്കാൻ മറ്റ് ക്ലബുകളും സജ്ജം.വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ 6.45 മുതൽ 12.30 വരെയാണ് പ്രവേശനം.സ്റ്റീഫൻ ദേവസ്യ,നടി മഞ്ജു പിള്ള മുതലായവർ അണിനിരക്കുന്ന പരിപാടികളും മാജിക്ക് ഷോയും നൃത്തവും അരങ്ങേറും. ക്ലബ് അംഗങ്ങൾക്ക് 500 രൂപയാണ് പ്രവേശന നിരക്ക്. അംഗങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് 1500 രൂപയും പുരുഷന്മാർക്ക് 2000 രൂപയുമാണ്. നൃത്ത സന്ധ്യയും കോമഡി പരിപാടികളുമൊരുക്കാനാണ് വഴുതക്കാട് ശ്രീമൂലം ക്ലബിന്റെ തീരുമാനം.