കണ്ണൂർ: തൊഴിലാളി ഐക്യത്തെ തുരങ്കംവയ്ക്കുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ.കെ. പദ്മനാഭൻ പറ‌ഞ്ഞു. ബീഡി വർക്കേഴ്‌സ്‌ ഫെഡറേഷൻ (സി.ഐ.ടി.യു) എട്ടാം അഖിലേന്ത്യാ സമ്മേളനം സി. കണ്ണൻ സ്‌മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിലുൾപ്പെടെ പങ്കെടുത്ത മഹത്തായ പാരമ്പര്യമാണ് തൊഴിലാളി പ്രസ്ഥാനങ്ങൾക്കുള്ളത്. ഇന്ത്യയിൽ തൊഴിലാളികൾ അടിച്ചമർത്തലുകൾക്കും കടുത്ത ചൂഷണത്തിനും ഇരയാകുന്നു. സർക്കാരിന്റെ തൊഴിൽ-വ്യവസായ-കാ‍ർഷിക-വിദ്യാഭ്യാസ നയങ്ങളൊക്കെ സാധാരണക്കാരുടെ ജീവിതം നശിപ്പിക്കുന്നതാണ്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു. അതിനെതിരെയുള്ള പോരാട്ടമാണ് ഇന്നത്തെ തൊഴിലാളികളുടെ ലക്ഷ്യം. കേരളത്തിലെ ബീഡി തൊഴിലാളികളുടെ പോരാട്ടങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തൊഴിലാളികൾക്ക് ആവേശം പകർന്നിട്ടുണ്ടെന്ന്​ എ.കെ. പദ്മനാഭൻ പറ‌ഞ്ഞു.

സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ രാവിലെ മുനീശ്വരൻ കോവിലിന്‌ സമീപം ബീഡി വർക്കേഴ്‌സ്‌ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് കെ.പി സഹദേവൻ പതാക ഉയർത്തി. പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ. ഹേമലത ഉദ്‌ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.വി. ജയരാജൻ, ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു,​ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പലേരി മോഹനൻ (എ.ഐ.ടി.യു.സി)​,​ ടി.എ ഹുസൈൻ (എസ്.ടി.യു)​,​ പി. വത്സരാജ് (എൻ.എൽ.ഒ)​ തുടങ്ങിയവ‌ർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.