o-s-ambika-mla

ആറ്റിങ്ങൽ: ഒരു നാടിന് ഉത്സവ പ്രതീതി ചാർത്തി കുടുംബശ്രീ പ്രവർത്തകരുടെ ശിങ്കാരിമേളത്തിന് അരങ്ങേയറ്റം കുറിച്ചു. വിദ്യാർത്ഥിനികൾ മുതൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെട്ട 21 അംഗ സംഘത്തിന്റെ ആറു മാസത്തെ കഠിന പ്രയത്നത്തിന്റെ അരങ്ങേയറ്റമാണ് ആറ്റിങ്ങൽ കരിച്ചിയിൽ പനവേലിപ്പറമ്പ് ശ്രീ ശാസ്താ ക്ഷേത്രാങ്കണത്തിൽ അരങ്ങേറിയത്. ഉദ്ഘാടനത്തിന് ഒ.എസ്. അംബിക എം.എൽ.എയും ചെയർ പേഴ്സൺ എസ്. കുമാരിയും സി.ഡി.എസ് ചെയർപേഴ്സൺ റീജയും എത്തി. കലയോടുള്ള താത്പര്യം ഒന്ന് കൊണ്ടു മാത്രമാണിവർ വാദ്യ കലാരംഗത്ത് എത്തിയത്. ഇവരിൽ 57 വയസു കഴിഞ്ഞ ശകുന്തളയെന്ന വീട്ടമ്മയും അണിചേർന്നത് ഇവർക്ക് പ്രചോദനമായി. വാദ്യമേളത്തിലുള്ളവരുടെ വിദ്യാർത്ഥികളായ മക്കൾ കൈമണിയുമേന്തി വാദ്യ സംഘത്തിന്റെ പിൻമുറക്കാരായി അണി ചേർന്നു. ഗണപതി പാഠത്തിൽ തുടങ്ങി ക്ഷേത്രമേളവും തുടർന്ന് ശിങ്കാരിമേളവും പൂർത്തിയാക്കിയാണ് ഇവർ അരങ്ങേയറ്റം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ ഇവർ ആഭരണങ്ങൾ പണയം വെച്ചും കുടുംബശ്രീ വഴി ബാങ്ക് ലോൺ എടുത്തുമാണ് ചെണ്ടയും, കൈമണിയും വാങ്ങിയത്. ചെണ്ടയ്ക്ക് 16000 രൂപയും കൈമണിയ്ക്ക് 8000 രൂപയുമാണ് വില. വിജയകരമായ അരങ്ങേയറ്റം നൽകിയ ആത്മവിശ്വാത്തിലാണിപ്പോൾ ഈ കലാകാരികൾ. ഇനി പ്രെഫഷണലായി അരങ്ങത്ത് ചെണ്ട കൊട്ടി കടം തീർക്കണം. ഇതിനായി പറമ്പിൽ അപ്പൻ എന്ന കലാസമിയും രൂപീകരിച്ചു. ഷാനു ചിറയിൻകീഴും, കലാമണ്ഡലം ഹരിഷ് തോന്നയ്ക്കലും ഇവർക്ക് ഗുരുക്കളായും, കുടുംബാംഗങ്ങളായും ഒത്ത് ചേർന്നു.