
വർക്കല: സംഗീതയുടെ വേർപാട് വടശേരിക്കോണം ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. ബുധനാഴ്ച രാവിലെയോടെ കൊലപാതക വാർത്ത അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും സഹപാഠികളും വീട്ടിലെത്തിയിരുന്നു. സൗമ്യ പ്രകൃതക്കാരിയായ സംഗീത എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ഏഴാം ക്ലാസുവരെ വീടിനു സമീപത്തെ ശ്രീനാരായണപുരം സ്‌കൂളിലായിരുന്നു പഠനം.
ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഡിഗ്രിക്ക് കിളിമാനൂർ ശ്രീശങ്കര കോളേജിൽ ചേർന്നത്. പഠനത്തിനൊപ്പം നാടൻപാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളിലും സംഗീതമികവ് കാട്ടിയിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംഗീതയുടെ പിതാവ് സജീവും മാതാവ് ശാലിനിയും കൂലിപ്പണി ചെയ്‌താണ് കുടുംബം പുലർത്തിയിരുന്നത്. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന സ്വഭാവമാണ് സംഗീതയുടേതെന്ന് പിതാവ് പറയുന്നു.
ഗോപുവുമായിട്ടുള്ള സ്നേഹബന്ധം അറിയിച്ചെങ്കിലും ബന്ധം വേണ്ടെന്ന മാതാപിതാക്കളുടെ നിലപാട് അംഗീകരിച്ച സംഗീത ഗോപുവിന്റെ മൊബൈൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്‌തിരുന്നു. ഇതിനിടെയാണ് ഗോപു അഖിൽ എന്ന പേരിൽ സിം കാർഡ് തരപ്പെടുത്തി സംഗീതയുമായി ചാറ്റിംഗ് തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംഗീതയുടെ വേർപാടിൽ അഡ്വ.വി. ജോയി എം.എൽ.എ, മുൻ എം.എൽ.എ ബി. സത്യൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല എന്നിവർ അനുശോചിച്ചു.