തിരുവനന്തപുരം: കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ട്രങ്ക് ലൈനുകൾ, ഡിസ്ട്രിബ്യൂഷൻ, സർവീസ് ലൈനുകൾ എന്നിവയ്‌ക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള വൈദ്യുതി ബോർഡ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) പട്ടം വൈദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന ട്രഷററും എം.എൽ.എയുമായ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു. കേബിൾ ഓപ്പറേറ്റർമാർ ഉന്നയിക്കുന്ന വിഷയങ്ങൾ അടിയന്തരമായി പരിഗണിച്ച് ചർച്ച നടത്തി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേബിൾ ടിവി ആൻഡ് ഇന്റർനെറ്റ് ഫ്യൂച്ചർ അസോസിയേഷൻ കേരള (സി.ഐ.എഫ്.എ) നടത്തിയ മാർച്ച് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ തുടർസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാനഭാരവാഹി പ്രവീൺ മോഹൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ, പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, ട്രഷറർ പി.എസ്.സിബി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബിനു ശിവദാസ്, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ, കോൺ. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്.മനോജ് എന്നിവർ സംസാരിച്ചു.