വർക്കല: ഒരാഴ്ചയായി നടന്നുവന്ന നാരായണഗുരുകുല കൺവെൻഷൻ ഇന്ന് സമാപിക്കും. രാവിലെ 9ന് ഗുരുനാരായണഗിരിയിലേക്ക് പരമ്പരാഗതക്രമത്തിലുള്ള ശാന്തിയാത്ര നടക്കും. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദ് നവവത്സരസന്ദേശം നൽകും. തുടർന്ന് നടക്കുന്ന ഗുരുകുലസമ്മേളനത്തോടെയാണ് കൺവെൻഷൻ സമാപിക്കുന്നത്.

ആഗമാന്തനിലയെ എന്നാണ് ജനനീനവരത്നമഞ്ജരിയിൽ നാരായണഗുരു ദേവിയെ വിശേഷിപ്പിക്കുന്നത്. ആഗമം അഥവാ വേദം എന്നു കേൾക്കുമ്പോൾ ചതുർവേദങ്ങൾ എന്നു മാത്രമല്ല അർത്ഥം. വേദം പ്രകാശമാണ്: ജനനീനവരത്നമഞ്ജരിയെ അടിസ്ഥാനമാക്കി നടത്തിയ പ്രവചനത്തിൽ സ്വാമി ത്യാഗീശ്വരൻ പറഞ്ഞു. ഈ

പ്രപഞ്ചമെല്ലാം തുറന്ന ഒരു വേദമാണ്. കണ്ടറിയിക്കുന്നതും കേട്ടറിയിക്കുന്നതും രുചിച്ചറിയിക്കുന്നതും മണത്തറിയിക്കുന്നതും സ്പർശിച്ചറിയിക്കുന്നതും വേദമാണ്. നാമരൂപങ്ങളാൽ അറിയുന്ന ഈ പ്രപഞ്ചമാണത്. അമ്മയുടെ പരമമായ അറിവിന്റെ സ്തൂലഭാവത്തെയാണ് അത് കാണിക്കുന്നത്. ഭൂതജാലങ്ങളെല്ലാം അഥവാ സൃഷ്ടമായ സകലതും അമ്മയാൽ സൃഷ്ടിക്കപ്പെട്ടതാണ്. അവ അമ്മയുടെ ആഭാവിശേഷങ്ങൾ മാത്രമാണ്. അമ്മയായിരിക്കുന്ന ആ അറിവിന്റെ പ്രകാശം തന്നെയാണ് ഈ ശരീരമായി തീർന്നിരിക്കുന്നതെന്ന് അറിഞ്ഞുകഴിഞ്ഞാൽ പിന്നെ ഒരു ഭാരവുമില്ലാതെ ജീവിതം നയിക്കാൻ കഴിയുമെന്ന് സ്വാമി ത്യാഗീശ്വരൻ പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ ഡോ. പി.കെ. സാബു മോഡറേറ്ററായി. നിത്യപ്രകാശ്, ആർ. ഗുൽമേഷ്ചന്ദ്, മുഹമ്മദ് ആസിഫ്, അഖിലാബാബു, പൂർണ്ണകല്യാണി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നാരായണഗുരുകുലത്തിന്റെ ചരിത്രവും ഗുരുകുലവുമായുളള ബന്ധത്തെക്കുറിച്ചും ഡോ. ജെ.മഹിളാമണി ആശംസാപ്രസംഗത്തിൽ പറഞ്ഞു.