വിഴിഞ്ഞം: വിഴിഞ്ഞം - നാവായികുളം ഔട്ടർ റിംഗ് റോഡിന്റെ കല്ലിടൽ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ആരംഭിച്ച കല്ലിടൽ 18 കിലോമീറ്റർ പിന്നിട്ടു. വിഴിഞ്ഞം, കോട്ടുകാൽ, വെങ്ങാനൂർ, പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. അടുത്ത വർഷം സ്ഥലമേറ്റെടുക്കൽ നടപടികൾക്കൊപ്പം റോഡ് പണിയും ആരംഭിക്കുമെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നത്. ആകെ 60 മീറ്റർ വീതിയിലാണ് റോഡെങ്കിലും നിലവിൽ 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. റോഡിന് ഇരുവശത്തെയും സർവീസ് റോഡ് നിർമ്മാണത്തിനായി ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നില്ല. ആദ്യഘട്ടം വിഴിഞ്ഞം മുതൽ തേക്കട വരെയാണ് റോഡ് നിർമ്മാണം. തുടർന്ന് തേക്കടയിൽ നിന്ന് റോഡ് രണ്ടായി തിരിഞ്ഞ് മംഗലപുരത്തേക്കും നാവായിക്കുളത്തേക്കും നീളും.
വിഴിഞ്ഞം - തേക്കട 65 കിലോമീറ്ററും തേക്കട മംഗലാപുരം 12 കിലോമീറ്ററുമാണ് ദൂരം. ഭോപാൽ കേന്ദ്രമായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റ് കമ്പനിയാണ് കല്ലിടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ചരക്കു നീക്കത്തിനായുള്ള സ്വതന്ത്ര റോഡായാണ് റിംഗ് റോഡ് നിർമ്മിക്കുന്നത്. റിംഗ് റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രധാന റോഡുകളിലെ ക്രോസിംഗുകൾ അണ്ടർ പാസേജുകളായിരിക്കും. ആകെ 36 വില്ലേജുകളിലെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായുള്ള നോട്ടിഫിക്കേഷനുകൾ പുറപ്പെടുവിച്ചു. കല്ലിടൽ പൂർത്തിയായാൽ മാത്രമേ എത്രത്തോളം വീടുകൾ ഏറ്റെടുക്കേണ്ടതായി വരുമെന്ന് അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. കല്ലിടൽ പൂർത്തിയായിടങ്ങളിൽ കാര്യമായ എതിർപ്പ് ഉണ്ടായിട്ടില്ല. തുറമുഖ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ നല്ല രീതിയിൽ നഷ്ട പരിഹാരം നൽകിയതിനാൽ റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിനും ഉയർന്ന നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വാടക വീടുകൾക്കായി നെട്ടോട്ടം
കല്ലിടൽ പൂർത്തിയായ സ്ഥലങ്ങളിൽ ഉടൻ വീടുകൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നതിനാൽ പല കുടുംബങ്ങളും താത്കാലികമായി വാടക വീടുകൾ തേടി നടക്കുകയാണ്. സ്ഥലം ഏറ്റെടുത്ത് വീട് വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിച്ചാലും പുതിയ വാസസ്ഥലം കണ്ടെത്താനും വീട് നിർമ്മിക്കാനും കാലതാമസമെടുക്കുമെന്നതിനാലാണ് പലരും വാടക വീടുകൾ തേടുന്നത്.