തിരുവനന്തപുരം: ‘കാപ്പ’ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ദുൽഖർ സൽമാനെയോ പ്രണവ് മോഹൻലാലിനെയോ പോലെ പ്രധാനപ്പെട്ട താരം അഭിനയിക്കുമെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു.ജി.ആർ.ഇന്ദുഗോപൻ തിരക്കഥ പൂർത്തിയാക്കിയ ശേഷം താരത്തെ തീരുമാനിക്കുമെന്നും പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ അദ്ദേഹം പറഞ്ഞു.കാപ്പ സിനിമ അവസാനിക്കുന്നത് രണ്ടാം ഭാഗത്തിനുള്ള സൂചനകൾ അവശേഷിപ്പിച്ചാണെന്നും രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് ഷാജി കൈലാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും നടൻ ജഗദീഷ് പറഞ്ഞു.കാപ്പ സിനിമയിൽ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടുകാട് സാബു ഉൾപ്പെടെ പലരുടെയും ജീവിതത്തിന്റെ വിദൂരദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ ചൂണ്ടിക്കാട്ടി. ഇന്ദുഗോപൻ ഉൾപ്പെടെയുള്ളവർ തിരക്കഥാ രചനയ്ക്ക് മുമ്പ് പശ്ചാത്തല പരിചയം ലഭിക്കാൻ തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും സഹായം നൽകിയിട്ടുണ്ടെന്നും സിനിമയിൽ അഭിനയിച്ച ഗുണ്ടുകാട് സാബുവും പറഞ്ഞു.നടി അപർണ ബാലമുരളി, തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.