തിരുവനന്തപുരം: തീവ്രപരിചരണ വിഭാഗത്തിലെ രോഗിയെ സ്‌കാനിംഗിനുശേഷം തിരികെ കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാതിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി സാർജന്റ് (ഗ്രേഡ്1) പ്രവീൺ രവിയെ സസ്‌പെൻഡു ചെയ്തതായി സൂപ്രണ്ട് ഡോ എ.നിസാറുദീൻ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്രപരിചരണ വിഭാഗത്തിൽ നിന്നുള്ള രോഗിയെ അത്യാഹിത വിഭാഗത്തിൽ സി.ടി സ്‌കാൻ ചെയ്ത ശേഷം രാത്രി 11 ന് തിരിച്ച് കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന പരാതിയിലാണ് നടപടി. ഓക്സിജൻ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി രോഗിയെ സ്‌കാനിംഗിന് കൊണ്ടുപോയത്. ഓക്സിജൻ തീരുംമുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു.ഒടുവിൽ, അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി രോഗിയെ തിരികെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിക്കുകയായിരുന്നു.ആംബുലൻസ് വിളിക്കാനോ നഴ്സിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാനോ സാർജന്റ് തയ്യാറായില്ല. സൂപ്രണ്ട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ബുധനാഴ്ച തന്റെ മേലുദ്യോഗസ്ഥർക്ക് നൽകിക്കോളാമെന്നായിരുന്നു ഇയാളുടെ മറുപടി.