
തിരുവനന്തപുരം: കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷ സമാപനവും ന്യൂഇയർ ആഘോഷവും ഒത്തുചേരുന്ന ഡിസംബർ ഫെസ്റ്റ് 2022 നാളെ വൈകിട്ട് 6ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുക്കും.
കൗമുദി ടി.വിയിലെ അളിയൻസ്, ഓ മൈ ഗോഡ് എന്നീ ജനപ്രിയ പരിപാടികളിലെ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ്, രാജധാനി, ബാങ്കിംഗ് പാർട്‌ണർ ബാങ്ക് ഒഫ് ബറോഡ, സഹ സ്പോൺസർമാരായ ചുങ്കത്ത് ജൂവലറി, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ്, എസ്.കെ ഹോസ്പിറ്റൽ, ട്രിവാൻഡ്രം മോട്ടോഴ്സ്, അമരാലയ ശുശ്രുത ഫാർമ, ഫാമിലി പ്ളാസ്റ്റിക്സ്, ഇന്ത്യൻ ഓയിൽ, അനെർട്ട്, കെ.എസ്.ഇ.ബി പ്രതിനിധികൾക്കും ഉപഹാരം സമ്മാനിക്കും. ചടങ്ങിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതാ സുരേഷും നയിക്കുന്ന ബാൻഡ് ഷോയും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് മുൻഗണന.