കിളിമാനൂർ: ന​ഗരൂരിൽ വീടിന്റെ വാതിൽകുത്തിത്തുറന്ന് മോഷണം. പത്ത് പവനും പതിനായിരം രൂപയും നഷ്ടമായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. ന​ഗരൂർ കോയിക്കമൂല റോഡിൽ സ്ഥതി ചെയ്യുന്ന ന​ഗരൂർ സ്വദേശി ഇർഷാദിന്റെ ഇർഷാദ് മൻസിൽ എന്ന വീട്ടിലാണ് മോഷണം നടന്നത്. ഈ വീട്ടിൽ ഇർഷാദും ഭാര്യ ഫാത്തിമയുമാണ് താമസിക്കുന്നത്.

ഒന്നര മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.

ചൊവ്വാഴ്ച വൈകിട്ട് 4ഓടെ ഇർഷാദും ഫാത്തിമയും വീട് പൂട്ടി ബന്ധുവീട്ടിൽ ഒരു ചടങ്ങിന് പോയിരുന്നു. ബുധനാഴ്ച വൈകിട്ട് 3ഓടെ വീട്ടിലെത്തിയപ്പോഴാണ് ​മുൻവാതിലിന്റെ പൂട്ട് തകർത്തതായി ശ്രദ്ധയിൽപെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവും നഷ്ടമായതായി കണ്ടെത്തുകയായിരുന്നു. വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മുൻവാതിലിലൂടെ കവർച്ചയ്ക്കെത്തിയ മോഷ്ടാവ് മോഷണശേഷം പിൻവാതിൽ തകർത്താണ് പുറത്തുകടന്നിരിക്കുന്നത്.

മോഷണം നടന്ന വീട് ന​ഗരൂർ പൊലീസ് സ്റ്റേഷന്റെ വളരെയടുത്താണ്.വിവരം അറിഞ്ഞ് ന​ഗരൂർ പൊലീസും ഡോ​ഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോ​ഗമിക്കുന്നുവെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ന​ഗരൂർ പൊലീസ് അറിയിച്ചു.