തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ അഴിമതി മുക്തമാക്കാനായി എല്ലാ സേവനങ്ങളും ഓൺലൈനാക്കുന്ന കെ സ്മാർട്ട് ആപ്പ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ 4524 പേർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം ലഭിക്കാൻ അപേക്ഷകരെ നിരന്തരം ഓഫീസുകൾ കയറ്റിയിറക്കുന്നത് അഴിമതിക്ക് കാരണമാകുന്നുണ്ട്.ആവശ്യക്കാർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ എത്താതെ തന്നെ സേവനം ലഭ്യമാകും. വികസന കാര്യങ്ങളിൽ സംസ്ഥാനത്തിന് മാതൃകയാണ് തിരുവനന്തപുരം നഗരസഭ. ജനങ്ങളെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ വഴിയിൽ തടയുന്ന സമരരീതികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.ആർ.അനിൽ, എച്ച്.സലിം,കുമാരി ആതിര,പി.ജമീല ശ്രീധരൻ ,ജിഷ ജോൺ ,സിന്ധു വിജയൻ,ഡോ.റീന കെ.എസ് എന്നിവർ പങ്കെടുത്തു.