eard

മടവൂർ: കൊയ്ത്തുപാട്ടിന്റെയും നാടൻപാട്ടിന്റെയും ഈരടികളുടെ അകമ്പടിയോടെ പഴുവടി ഏലായിലെ കൊയ്ത്തുത്സവത്തിന് തുടക്കമായി. മടവൂർ പഞ്ചായത്തിൽ ഒരു കാലത്ത് കാർഷിക സമൃദ്ധിയാൽ സമ്പന്നമായിരുന്ന പഴുവടി ഏലായിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൃഷി ചെയ്തിരുന്നില്ല. വയലുകളിൽ ഭൂരിഭാഗവും കരയാക്കുകയും തെങ്ങിൻത്തൈ ഉൾപ്പെടെ നടുകയും ചെയ്തിരുന്നു. ഇവയെല്ലാം പൂർവ സ്ഥിതിയിലാക്കിയാണ് ഇക്കഴിഞ്ഞ ചിങ്ങത്തിൽ മടവൂർ പഞ്ചായത്ത് ഒൻപതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.

പഴുവടി കൂട്ടായ്മ,തൊഴിലുറപ്പ് തൊഴിലാളികൾ,കൃഷി ഭവൻ,കാർഷിക കർമ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പാട്ടക്കൃഷി വ്യവസ്ഥയിലായിരുന്നു കൃഷി ചെയ്തത്. കൃഷിയിൽ താല്പര്യമുള്ളവർക്കെല്ലം വാർഡ് വികസന സമിതി വയലുകൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ, കൂട്ടായ്മകൾ, വ്യക്തികൾ തുടങ്ങിയവർ ഇവിടെ കൃഷി ഇറക്കി. അഞ്ചര ഏക്കർ ഭൂമിയിലായിരുന്നു കൃഷി.

ജില്ലാപഞ്ചായത്ത് അംഗം ബേബി സുധ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷൈജു ദേവ് അദ്ധ്യക്ഷനായി. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് അംഗം ശ്രീജ ഷൈജുദേവ്,‌ പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ ഉണ്ണിത്താൻ, മടവൂർ സന്തോഷ്, സിമി, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ക്രിസ്മസ് പുതുവത്സരാഘോഷവും കർഷകർ നടത്തി.